‘കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവും’; മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കികൊടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസത്തിൻ്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിൻ്റെ ഭാഗമായാണ് സ്കൂളുകളിൽ ഭൗതിക സാഹചര്യം മെച്ചപെടുത്തിയത്. ആധുനിക രീതിയിലുള്ള ക്ലാസ്മുറികൾക്കും ലാബുകൾക്കും പുറമേ അൻപത്തിനാലയിരത്തോളം സ്മാർട്ട് ക്ലാസ്സ് റൂമുകളും നിർമ്മിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യ വികസിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ കുട്ടികളും റോബോട്ടിക് അടക്കമുള്ള മേഖലകളിൽ മുന്നേറാൻ കഴിയുന്നവരായി വളർന്ന് വരണമെന്നും എ ഐ പോലുള്ള പുത്തൻ ശാസ്ത്ര രീതികൾ കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി-കില ഫണ്ടിൽ നിന്നും 3.90 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. മൂന്ന് നിലകളിലായി 1100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്കൂൾ കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ നാല് ക്ലാസ്സ് മുറികളും, ആൺകുട്ടികൾക്കും, സ്റ്റാഫുകൾക്കും, ഭിന്നശേഷിക്കാർക്കും ഉള്ള ടോയ്ലറ്റ് സംവിധാനവും ഒന്നാം നിലയിൽ നാല് ക്ലാസ്സ് മുറിയും, പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐ ടി ലാബും സുവോളജി ബോട്ടണി ലാബുകളും ആൺകുട്ടികൾക്കുള്ള ടോയ്ലറ്റുമാണ് രണ്ടാം നിലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കെട്ടിടത്തിന് ആവശ്യമായ കോണിപ്പടി സൗകര്യം റാമ്പ് എന്നിവയ്ക്ക് പുറമെ ഭാവിയിൽ ലിഫ്റ്റ് ഉൾപ്പെടുത്താനുള്ള സൗകര്യവും ഫയർ ടാങ്കും നൽകിയിട്ടുണ്ട്.

ജി. സ്റ്റീഫൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി. സുരേഷ്കുമാർ, കില ചീഫ് മാനേജർ ആർ മുരളി, ജില്ലാപഞ്ചായത്ത് അംഗം എ. മിനി, ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് റീന സുന്ദരം, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൽ. കിഷോർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. മോളി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഐത്തി അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിസുതൻ, പി.റ്റി.എ. പ്രസിഡണ്ട് കെ. എസ്. സുഗതൻ, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ മദീന എൻ, സ്‌കൂൾ എച്ച്. എം രാജികുമാരി എസ്. വി, പ്രിൻസിപ്പാൽ സുസി രാജ് എ. ആർ എന്നിവർ പങ്കെടുത്തു.

