KOYILANDY DIARY.COM

The Perfect News Portal

അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഒരു വര്‍ഷം

ചിന്നക്കനാലിന്‍റേയും ശാന്തന്‍പാറയുടേയും ഉറക്കം കളഞ്ഞ അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഒരു വര്‍ഷം. 2023 ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയത്. മതികെട്ടാന്‍ ചോല ഇറങ്ങി വരുന്ന കാട്ടാനകളില്‍ ഏറ്റവും ശക്തനും അപകടകാരിയുമായിരുന്നു അരിക്കൊമ്പന്‍. ഇവന്റെ ഇഷ്ടഭക്ഷണമായ അരി തേടിയുള്ള യാത്രയ്ക്കിടയില്‍ തകര്‍ന്ന വീടുകളും നഷ്ടമായ ജീവനുകളും നിരവധിയാണ്. ഔദ്യോഗിക കണക്കുപ്രകാരം അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഏഴു മനുഷ്യജീവനുകളാണ് നഷ്ടമായത്.

ഇതോടെയാണ് ആനയെ പിടിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തുടര്‍ സമരങ്ങള്‍ നടത്തിയത്. ഒടുവില്‍ മയക്ക് വെടിവെച്ച് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചു. ഏപ്രില്‍ ആദ്യവാരം മയക്ക് വെടി ഉതിര്‍ക്കാനായിരുന്നു തീരുമാനം. പക്ഷെ മൃഗ സ്നേഹികളുടെ കടന്ന് വരവും കോടതി ഇടപെടലും വിഷയം സങ്കീര്‍ണ്ണമാക്കി. അപകടകാരിയായ ഒരു വന്യമൃഗത്തെ കാടു കടത്തുന്നു എന്നതിനപ്പുറം അരിക്കൊമ്പന് ഒരു ഹീറോ പരിവേഷം ഉണ്ടായി.

 

ഒടുവില്‍ ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് 2023 ഏപ്രില്‍ 29ന് ദൗത്യം പൂര്‍ത്തിയാക്കിയത്. പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയെങ്കിലും അവിടെയും അരിക്കൊമ്പന്‍ വെറുതെ ഇരുന്നില്ല. മേഘമല ചുറ്റി തമിഴ്നാട്ടിലെ കമ്പത്തും സുരളിപെട്ടിയിലുമെല്ലാം കസര്‍ത്ത് കാട്ടി. ഒടുവില്‍ ഇവിടെ നിന്നും തമിഴ്നാട് വനം വകുപ്പ് പിടികൂടി തിരുനല്‍വേലി കോതയാര്‍ വന മേഖലയിലേയ്ക്ക് മാറ്റുകയായിരുന്നു അരിക്കൊമ്പന്‍ പോയതോടെ ചിന്നക്കനാലിലെ കാട്ടാന ശല്യം പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ചക്കക്കൊമ്പനും മുറിവാലനും കാട്ടാന കൂട്ടങ്ങളും ഒക്കെ ജനവാസ മേഖലയില്‍ പതിവാണ്.

Advertisements
Share news