KOYILANDY DIARY.COM

The Perfect News Portal

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ ബഹിരാകാശ കവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. 

രാജ്യത്തെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററാണ്. 1971 ല്‍ ആണ് ഐഎസ്ആര്‍ഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്. പിന്നീടങ്ങോട്ട് സൂര്യനേയും ചന്ദ്രനേയും ചൊവ്വയേയും ഒക്കെ പഠിക്കാനും പരിചിതമാക്കാനും സതീഷ് ധവാന്‍ സ്‌പെയിസ് സെന്റര്‍ നിര്‍ണായക പങ്കുവഹിച്ചു. ചന്ദ്രയാന്‍, മംഗള്‍യാന്‍, ആദിത്യ, എസ്ആര്‍ഇ തുടങ്ങി ഒടുവില്‍ സ്‌പെയിസ് ഡോക്കിങ് എന്ന ചരിത്രമുഹൂര്‍ത്തത്തിനും തുക്കമിട്ടത് ഇവിടെ നിന്ന് തന്നെ.

 

2 വിക്ഷേപണത്തറകളാണ് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ ഉള്ളത്. മൂന്നാം വിക്ഷേപണത്തറ നാല് വര്‍ഷത്തിനുള്ളില്‍ സാധ്യമാകും. റോക്കറ്റുകളുടെ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം തുടങ്ങി റേഞ്ച് ഓപ്പറേഷന് വരെ സൗകര്യമുണ്ട് ശ്രീഹരിക്കോട്ടയില്‍. ഗഗന്‍യാന്‍, ശുക്രയാന്‍, നാലാം ചന്ദ്രയാന്‍, ബഹിരാകാശ നിലയ നിര്‍മാണം തുടങ്ങി എല്ലാ വരുംകാല ചരിത്രദൗത്യങ്ങള്‍ക്കും പഠനങ്ങള്‍ക്കും പിന്നില്‍ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററും ഉണ്ടാകും.

Advertisements
Share news