ഇസ്രയേൽ ക്രൂരത: ഗാസയിൽ കൊന്നൊടുക്കിയത് 64,718 പേരെ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 64,718 ആയി. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം ജീവൻ നഷ്ടമായത് 72 പേർക്കാണ്. 356 പേർക്ക് പരുക്കുകളുമേറ്റു. 23 മാസമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ തുടരുകയാണ്.

2023 ഒക്ടോബർ ഏഴിനാണ് ഗാസയിൽ ഇസ്രയേൽ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. വെടിനർത്തൽ ഉടമ്പടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഗാസ നഗരത്തെ ആൾപാർപ്പില്ലാത്തിടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.

പൂർണമായും ഗാസ നഗരത്തെ കുടിയൊഴിപ്പിക്കാനായി ഇസ്രയേൽ നടത്തുന്ന ക്രൂരതയെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ പൂർണമായും കൈവശപ്പെടുത്തുകയാണ് ഇസ്രയേൽ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഗാസയിലെ മരണനിരക്ക് ഉയരുന്നതിന്റെ റിപ്പോർട്ട് പുറത്തുവന്നതിനൊപ്പം 53 പലസ്തീൻ സ്ത്രീകൾ ഇസ്രയേലിൽ തടവിൽ കഴിയുന്നുവെന്ന റിപ്പോർട്ടും പുറത്തെത്തിയിട്ടുണ്ട്. മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ് തടവിൽ ഇവർ അനുഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പൊലും തടവുകാർക്ക് ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.

