ഗാസയിലെ അഭയാർത്ഥികേന്ദ്രങ്ങളിലേക്ക് വ്യാപക ആക്രമണം നടത്തി ഇസ്രയേൽ
റാഫ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അഭയാർത്ഥികേന്ദ്രങ്ങളിലേക്ക് വ്യാപക ആക്രമണം നടത്തി ഇസ്രയേൽ. ആയിരക്കണക്കിനു ആളുകളെ പാർപ്പിച്ചിരിക്കുന്ന യുഎന്നിന്റെ പരിശീലനകേന്ദ്രത്തിലേക്ക് ബുധനാഴ്ച വൈകിട്ടായിരുന്നു മുന്നറിയിപ്പില്ലാതെ ആക്രമണം. നിരവധിയാളുകൾ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ. ഒമ്പതുപേരുടെ മൃതദേഹം കണ്ടെടുത്തു. 24 മണിക്കൂറിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ ആക്രമണത്തിൽ 210 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

നഗരത്തിൽനിന്ന് ആളുകൾ പൂർണമായും ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടു. നഗരത്തിലെ നാസർ ആശുപത്രി പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ ദിവസം 24 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ട ഹമാസ് ആക്രമണത്തിനു പിന്നാലെ, കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഖാൻ യൂനിസ് പൂർണമായും വളഞ്ഞ സൈന്യം, പിടിച്ചെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ ഓരോന്നായി തകർക്കുകയാണ്. ആരോഗ്യകേന്ദ്രങ്ങൾ തുടർച്ചയായി ആക്രമിച്ച് മേഖലകളിൽ ജനവാസം സാധ്യമല്ലെന്ന് ഉറപ്പാക്കുന്നു.

ഖാൻ യൂനിസിൽനിന്ന് പലായനം ചെയ്യേണ്ടിവന്നാൽ പോകാൻ ഇടമില്ലാത്ത അവസ്ഥയിലാണ് ഗാസ നിവാസികൾ. അവശേഷിക്കുന്ന ഏക ഇടമായ റാഫയിലാണ് ഇപ്പോൾ 20 ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നത്. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ ആക്രമണത്തിൽ 25,700 ഗാസ നിവാസികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ആറ് ഇസ്രയേൽ ടാങ്കുകൾക്കുനേരെ ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധവിഭാഗം ഖാസം ബ്രിഗേഡ് പറഞ്ഞു.

അതിനിടെ, ഇരുരാഷ്ട്രസ്ഥാപന സാധ്യത തള്ളിയ ഇസ്രയേൽ നടപടിയെ വിമർശിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. ഇസ്രയേൽ തീരുമാനം ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് ഗുട്ടെറസ് പറഞ്ഞു. ചെങ്കടലിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് രണ്ട് അമേരിക്കൻ കപ്പലുകൾ വഴിതിരിച്ചുവിട്ടു. ചെങ്കടലിൽ തുടർച്ചയായുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വൈകുന്നതായും റിപ്പോർട്ടുണ്ട്.

