KOYILANDY DIARY.COM

The Perfect News Portal

ഇസ്രയേല്‍ വൈദ്യുതി വിഛേദിച്ചു; ഗസ്സ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികള്‍ മരിച്ചു

ഇസ്രയേല്‍ വൈദ്യുതി വിഛേദിച്ചു. ഗസ്സ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികള്‍ മരിച്ചു. ഗസ്സയിലെ ഖാന്‍ യൂനിസിലെ നസ്സര്‍ ആശുപത്രിയില്‍ അഞ്ച് രോഗികളാണ് മരിച്ചത്. ഇസ്രയേല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.

വ്യാഴാഴ്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് നിരവധി പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഖാന്‍ യൂനിസിലെ ആശുപത്രിയില്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. വെള്ളം ചൂടാക്കാനും ഭക്ഷണത്തിലും പോലും വൈദ്യുതിയില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിനിടെ ആശുപത്രിയില്‍ രണ്ട് ഗര്‍ഭിണികള്‍ പ്രസവിക്കുകയും ചെയ്തു.

 

അതേസമയം ഗസ്സയ്ക്കെതിരായി വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുമ്പോഴും കൂടുതല്‍ ബോംബുകളും ആയുധങ്ങളും ഇസ്രയേലിലേക്ക് അയയ്ക്കാന്‍ അമേരിക്ക തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. MK-82 500 പൗണ്ട് (227kg) ബോംബുകളും KMU-572 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിയന്‍സും (JDAMs) ഉള്‍പ്പെടുന്നതാണ് ആയുധങ്ങളെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്എംയു-139 ബോംബുകള്‍ അയക്കുന്ന കാര്യവും യുഎസ് പരിഗണിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക സഹായമാണ് യുഎസ് ഇസ്രയേലിന് നല്‍കാനൊരുങ്ങുന്നത്.

Advertisements
Share news