KOYILANDY DIARY.COM

The Perfect News Portal

ബാക്ക്‌ ബെഞ്ച് അവസാനിക്കുന്നു? മികച്ച മാതൃക കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിന്‍ബെഞ്ച് എന്ന സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത് ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നു. പിന്‍ബെഞ്ചുകാര്‍ എന്ന ആശയം ഇല്ലാതാക്കാന്‍ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താന്‍ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു’, മന്ത്രി പറഞ്ഞു.

ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാമെന്നും നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നുവെന്നും മന്ത്രി കുറിച്ചു. നേരത്തെ സ്‌കൂള്‍ അവധി മാറ്റുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും മന്ത്രി അഭിപ്രായം തേടിയിരുന്നു. മന്ത്രിയുടെ ഈ നിലപാടിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്.

Advertisements
Share news