ഇറാൻ അവയവക്കടത്ത് കേസ്; ഹൈദരാബാദിൽ മൊഴിയെടുക്കൽ തുടങ്ങി

കൊച്ചി: ഇറാൻ അവയവക്കടത്ത് കേസന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ വൃക്കദാതാക്കളുടെ മൊഴിയെടുക്കൽ തുടങ്ങി. വ്യാഴാഴ്‌ച രാവിലെയാണ് മൂന്നംഗ അന്വേഷകസംഘം ഹൈദരാബാദിലെത്തിയത്. വൃക്കദാതാക്കളുടെയും സ്വീകരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. അറസ്‌റ്റിലായ മൂന്ന് പ്രതികൾക്കെതിരെ ശക്തമായ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംഘം വീണ്ടും ഹൈദരാബാദിലെത്തിയത്.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഹൈദരാബാദിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അടുത്തിടെ കസ്‌റ്റഡിയിലായ വൃക്കദാതാവ് പാലക്കാട് തിരുനെല്ലായി സ്വദേശി ഷെമീർ മാത്രമാണ് പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയത്. ഷെമീറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഷെമീറിന് 20 ലക്ഷംരൂപ വാഗ്‌ദാനംചെയ്‌ത പ്രതികൾ ആറുലക്ഷം മാത്രമാണ് നൽകിയത്. കൂടാതെ ഭീഷണിപ്പെടുത്താനും ശ്രമിച്ചിരുന്നു. മറ്റ് 19 വൃക്കദാതാക്കളോടും പ്രതികൾ ഇത്തരത്തിൽ പെരുമാറിയതായാണ് അന്വേഷകസംഘം സംശയിക്കുന്നത്. ഷെമീറടക്കം ഇതുവരെ 20 പേർ മാത്രമാണ് വൃക്ക നൽകിയതെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം.

ദാതാക്കളിലും സ്വീകരിച്ചവരിലും ഹൈദരാബാദ്, വിജയവാഡ സ്വദേശികളാണ് കൂടുതൽ. ഹൈദരാബാദിലെ ആശുപത്രിയിലാണ് വൃക്കദാതാക്കളുടെ വൈദ്യപരിശോധന നടത്തിയത്. ആശുപത്രിയിലെ രജിസ്‌റ്റർ അടക്കമുള്ള വിവരങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കും. കേസിൽ പിടിയിലാകാനുള്ള ഒന്നാംപ്രതി എറണാകുളം സ്വദേശി മധുവിനെ പാസ്‌പോർട്ട് റദ്ദാക്കി ഇറാനിൽനിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

