KOYILANDY DIARY

The Perfect News Portal

ഇറാൻ അവയവക്കടത്ത് കേസ്; വൃക്കദാതാക്കളിൽ എംടെക് ബിരുദധാരികളുമുണ്ടെന്ന്‌ കണ്ടെത്തൽ

കൊച്ചി: ഇറാൻ അവയവക്കടത്ത് കേസിലെ വൃക്കദാതാക്കളിൽ എംടെക് ബിരുദധാരികളുമുണ്ടെന്ന്‌ കണ്ടെത്തൽ. ഹൈദരാബാദ് സ്വദേശികളായ വൃക്കദാതാക്കളിൽനിന്ന്‌ മൂന്നംഗ അന്വേഷകസംഘം മൊഴിയെടുത്തു. ഗ്രാമീണർമാത്രമാണ്‌ വൃക്കദാതാക്കളായി എത്തിയതെന്നാണ്‌ കേസിൽ പിടിയിലായവർ പറഞ്ഞത്. എന്നാൽ, പ്രതികളുടെ ഫോൺ രേഖകളും- ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് ദാതാക്കളെ കണ്ടെത്തിയപ്പോഴാണ്‌ ഗ്രാമീണർമാത്രമല്ലെന്ന് വ്യക്തമായത്.

20 ലക്ഷം രൂപവരെ ഇവർ വൃക്ക നൽകുന്നതിനായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരമാവധി ആറുലക്ഷം രൂപവരെയാണ് നൽകിയതെന്നാണ്‌ സൂചന. വൃക്ക നൽകിയ പലർക്കും ശാരീരികപ്രശ്‌നങ്ങളുണ്ടെന്നും സൂചനയുണ്ട്‌. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാക്കളും ദാതാക്കളായുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്താനും അന്വേഷകസംഘം ശ്രമം ആരംഭിച്ചു.

 

മുഖ്യപ്രതി മധു ഉൾപ്പെടെയുള്ള സംഘമാണ് ഇവരെ ഇറാനിലേക്ക് കൊണ്ടുപോയത്. ദാതാക്കളിൽ കൂടുതൽപേരും ഹൈദരാബാദ് സ്വദേശികളാണ്. നാല് ആന്ധ്ര സ്വദേശികളിൽനിന്നാണ്‌ ഇതുവരെ മൊഴിയെടുത്തത്. സാമ്പത്തിക പരാധീനതമൂലമാണ് വൃക്ക നൽകിയതെന്നാണ് ഇവരുടെ മൊഴി.

Advertisements

 

തൃശൂർ സ്വദേശി സാബിത്തും കൊച്ചി സ്വദേശി സജിത്തും പിടിയിലായതോടെ മധുവിന്റെയും വിജയവാഡ സ്വദേശി ബെല്ലംകോണ്ട രാംപ്രസാദിന്റെയും നിർദേശപ്രകാരം ഇവർ നാട്ടിൽനിന്ന് മാറിനിൽക്കുകയായിരുന്നു. വൃക്ക സ്വീകരിച്ചവരിൽ കൂടുതൽപേരും ജമ്മു കശ്മീർ, ഡൽഹി സ്വദേശികളാണെന്നും വ്യക്തമായി. മധുവും സംഘവും കേസ് വിവരങ്ങൾ ഇവരെ അറിയിച്ചതിനാൽ പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അന്വേഷകസംഘം.