മാവോയിസ്റ്റ് അനീഷ് ബാബുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ കൊയിലാണ്ടിയിൽ വട്ടമിട്ട് പറക്കുന്നു
കൊയിലാണ്ടി: മാവോയിസ്റ്റ് സംഘാംഗം അനീഷ് ബാബുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ കൊയിലാണ്ടിയിൽ വട്ടമിട്ട് പറക്കുന്നു. സിബിഐയും, ഇ.ഡിയും ഒഴികെയുള്ള എല്ലാ കേന്ദ്ര – സംസ്ഥാന അന്വേഷണ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരാണ് കൊയിലാണ്ടിയിൽ തമ്പടിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെയും ചോദ്യങ്ങളോട് അനീഷ് ബാബു സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് തണ്ടർബോൾട്ട് സംഘം കൊയിലാണ്ടിയിൽ വെച്ച് അനീഷ് ബാബു (37, തമ്പി)വിനെ അറസ്റ്റ് ചെയ്തത്. പോലീസ് ക്യാമ്പിലെ രഹസ്യ സങ്കേതത്തിൽ അതീവ രഹസ്യമായാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

സർക്കാർ 5 ലക്ഷം ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റുകളുടെ ദക്ഷിണേന്ത്യയിലെ സുപ്രധാനിയാണ് അനീഷ് ബാബു എന്ന തമ്പി. വ്യത്യസ്ത സമയങ്ങളിലായാണ് അനീഷ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. കോടതി കസ്റ്റഡിയിൽവിട്ട അനീഷ് ബാബുവിൻ്റെ കസ്റ്റഡി കാലാവധി നാളെ കഴിയുന്നമുറയ്ക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം വയനാട്ടിൽ ഏറ്റുമുട്ടലിൽ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളിൽനിന്ന് അനീഷ് ബാബുവിനെപ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടയതായാണ് അറിവ്. ആന്റി നക്സൽ സ്ക്വാഡ് ഉദ്യോഗസ്ഥരും കർണാടക ക്യു ബ്രാഞ്ചും തെലങ്കാന പൊലീസും ചേർന്ന് ഇരുവരെയും ചോദ്യം ചെയ്തു. വിവരങ്ങൾ കൊയിലാണ്ടിയിലെത്തിയ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് അറിയുന്നത്.

