KOYILANDY DIARY.COM

The Perfect News Portal

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; CMS കോളജും KCAയും കരാർ ഒപ്പിട്ടു

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളജ് ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് കൈമാറും.

ഇന്നു രാവിലെ 9.30 ന് കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍വെച്ച് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവെച്ചു. നിർമാണത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ആരംഭിക്കും. 14 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന്റെ പദ്ധതി ചെലവ്. നിർമാണം പൂർത്തിയാകുന്നതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് ഉൾപ്പെടെ സ്റ്റേഡിയം വേദിയാകും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, സി.എം.എസ് കോളേജ് മാനേജര്‍ റിട്ട. റവറല്‍. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, റവറല്‍ ജിജി ജോണ് ജേക്കബ്, റവറല്‍ അനിയന്‍ കെ പോള്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share news