KOYILANDY DIARY.COM

The Perfect News Portal

രാജ്യാന്തര ബൈക്ക് റേസിങ് കോഴിക്കോടും

.

കായിക മത്സരങ്ങളുടെ വ്യത്യസ്‌താനുഭവം സമ്മാനിക്കുന്ന രാജ്യാന്തര ബൈക്ക് റേസിങ് മത്സരത്തിന് കോഴിക്കോട് തയ്യാറെടുക്കുന്നു. കേരളത്തിൻ്റെ കായിക യാത്രയിലെ പ്രധാന ചുവടുവെയ്‌പായി കരുതുന്ന ഇന്ത്യൻ സൂപ്പർമാസ് റേസിങ് ലീഗ് സീസൺ 2 ഗ്രാൻഡ് ഫിനാലെക്കാണ് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം സജ്ജമാകുന്നത്. ഐഎസ്‌ആർഎൽ ബാൻഡിഡോസ് മോട്ടോർ സ്പോർട്‌സുമായി കൈകോർത്ത് 20, 21 തീയതികളിലാണ് സൂപ്പർക്രോസ് റേസിന് നഗരം ആതിഥ്യമരുളുക.

 

വിപുലമായ ഒരുക്കം വേണ്ട മത്സരത്തിൻ്റെ റേസ് ട്രാക്ക് ഒരുക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. ട്രാക്ക് ഒരുക്കുന്നതിനുള്ള സാമഗ്രികളുമായി ട്രക്കുകളും കണ്ടെയിനറുകളും സ്റ്റേഡിയത്തിലെത്തി. അന്താരാഷ്ട്ര തലത്തിൽ റേഡർമാർക്ക് പരിചയം നൽകുന്നതിനൊപ്പം മികച്ച അനുഭവം ആരാധകർക്കായി സമ്മാനിക്കുന്ന രീതിയിലാണ് ഗ്രാൻഡ് ഫിനാലെ. സ്റ്റേഡിയത്തിലെ പുൽമൈതാനത്തിന് കോട്ടം തട്ടാതെ ഷീറ്റുവിരിച്ച് പ്ലൈവുഡ് വിരിക്കൽ തുടങ്ങി. 50,000 ചതുരശ്ര മീറ്ററിൽ 5000 പ്ലൈവുഡുകളാണ് വിരിക്കുക. അതിന് മുകളിൽ മണ്ണിട്ടാണ് ട്രാക്കൊരുക്കുക. ഇതിനായി അമേരിക്കയിൽ നിന്നുള്ള വിദഗ്‌ധ സംഘവുമെത്തി.

Advertisements

 

നൂറോളം തൊഴിലാളികളുടെ നേതൃത്വത്തിലാണ്‌ റേസ്‌ ട്രാക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നത്‌. ഇന്ത്യൻ സൂപ്പർക്രോസ് റേസിങ്‌ ലീഗിന് ആതിഥേയത്വം വഹിക്കുന്നത് വഴി ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമായി ഈ കായികരംഗത്തെ സമന്വയിപ്പിക്കുന്നതിനുള്ള ചുവടുവെയ്പായി ഫിനാലെ മാറും. ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാനും പരിപാടിക്കെത്തും. വിവിധ രാജ്യങ്ങളിൽനിന്നുള്ള മികച്ച റൈഡർമാരും ചാമ്പ്യൻമാരും ഫിനാലെയിൽ പങ്കെടുക്കും. കേരള കായിക മന്ത്രാലയം, കോഴിക്കോട് കോർപറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ്‌ മത്സരമൊരുക്കുന്നത്‌.

 

Share news