ഇൻറർനാഷണൽ ആർട് ഫിയസ്റ്റക്ക് തുടക്കമായി
കോഴിക്കോട്: ഇൻറർനാഷണൽ ആർട് ഫിയസ്റ്റക്ക് തുടക്കമായി. കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഫിയസ്റ്റ നടക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ചിത്രകാരന്മാരുടെ പെയിൻറിംഗ് ഡോ. ലാൽ രഞ്ജിത് ക്യുറേറ്റ് ചെയ്ത ചിത്ര പ്രദർശനത്തിൽ ഉൾപ്പെടുത്തി.

ആഴ്ചകളിലായി നീണ്ടുനിൽക്കുന്ന നാല് പ്രദർശനങ്ങളിൽ വാട്ടർ കളർ മീഡിയ, അക്രിലിക് എണ്ണച്ചായം, മിക്സഡ് മീഡിയ എന്ന എല്ലാ രചന രീതിയിലുള്ള ചിത്രങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വ്യത്യസ്തമായ നിരവധി പരിപാടികൾ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയോടനുബന്ധിച്ച് ഈ ഗാലറിയിൽ നടക്കും. ലൈവ് ചിത്രരചന, ചർച്ചകൾ, ചിത്ര ആസ്വാദന ക്ലാസുകൾ, കുട്ടികൾക്കായുള്ള ക്യാമ്പ്, സിനിമ പ്രദർശനങ്ങൾ, തുടങ്ങി നിരവധി കലാസാംസ്കാരിക പരിപാടികൾ ഇതിനോടകം നടക്കുന്നതാണന്ന് സംഘാടകരായ കെ വി സന്തോഷ്, മനോജ് യു ടി എന്നിവർ അറിയിച്ചു.

അൻപത് വർഷം മുമ്പ് ആർടിസ്റ്റ് മീര വരച്ച പെൻസിൽ ചിത്രങ്ങൾ പ്രത്യേക കൗതുകമായി പ്രദർശനത്തിൽ സ്ഥാനം പിടിച്ചു. പങ്കെടുക്കുന്ന ചിത്രകാരന്മാരും ആസ്വാദകരുമെല്ലാം ഒന്നിച്ച് മെഴുകുതിരി തെളിയിച്ച് പ്രദർശനത്തിന് തുടക്കമിട്ട ചടങ്ങിൽ ശ്രീ യുകെ രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീനിവാസൻ, അനിൽകുമാർ, മണി ശങ്കർ, ഗുരുകുലം ബാബു, അശോക് ബാലൻ, എസ് എ ശിവാനന്ദൻ എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ വിപിൻദാസ് നന്ദി പറഞ്ഞു.

ചിത്ര പ്രദർശനത്തോടൊപ്പം ഏവർക്കും വാങ്ങാവുന്ന തരത്തിലുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്ന വിൽപന കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രമേശ് മാണിക്യൻ്റെ ബുദ്ധ എന്ന ചിത്രത്തിൻ്റെ വിൽപന നടന്നത് കാപ്പാടിൻ്റെ ടൂറിസം വികസന സാധ്യതകൾക്കൊപ്പം കലാവിപണന സാധ്യതയും ഉണ്ടെന്നതിൻ്റെ തെളിവായി നിന്നു. പ്രദർശനം ജനുവരി 26 ന് സമാപിക്കും.
