KOYILANDY DIARY.COM

The Perfect News Portal

വിജ്ഞാന സമൂഹ സ്യഷ്ടിയിൽ നൂതനാശയങ്ങൾ അനിവാര്യം: മന്ത്രി വി ശിവൻകുട്ടി

തൃപ്പൂണിത്തുറ: വിജ്ഞാന സമൂഹത്തെ സ്യഷ്ടിക്കുവാൻ നൂതനാശയ രൂപീകരണം വളരെ അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടികളിൽ ഒന്നായ സ്റ്റാർസ് പദ്ധതി ടിങ്കറിംഗ് ലാബിന്റെ (സെന്റർ ഫോർ ഏർലി ഇന്നവേഷൻ) സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ  നിർവഹിക്കുകയായിരുന്നു മന്ത്രി.

കരിക്കുലത്തിലെ വിവിധ പഠന പ്രവർത്തനങ്ങളുമായി കോർത്തിണക്കി ശാസ്ത്രീയമായ രീതിയിൽ നൂതന ആശയങ്ങൾ വികസിപ്പിക്കുന്ന കഴിവുകൾ നമ്മുടെ കുട്ടികളിൽ വളർത്തുകയാണ് ലാബിലൂടെ ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് ആദ്യമായാണ് പൊതുമേഖലാ സ്ഥാപനവുമായി ചേർന്ന് ടിങ്കറിംഗ് ലാബുകൾ സജ്ജമാക്കുന്നത്.

വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും കരിക്കുലവുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനുമായി ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാബ് സഹായകരമാകും. ഉപകരണങ്ങളുടെ  ഗുണനിലവാരം ഉറപ്പാക്കാനും പണം ഫലപ്രദമായി വിനിയോഗിക്കാനും ഇതു വഴി കഴിയും.

Advertisements

28 ലാബുകളാണ് സംസ്ഥാനത്ത് ആകെ ആദ്യ ഘട്ടത്തിൽ ഇപ്പോൾ പൂർത്തിയാക്കുന്നത്. തുടർന്ന് 70 ലാബുകൾ കൂടി ഈ അക്കാദമിക വർഷാവസാനത്തോടു കൂടി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ടിങ്കറിംഗ് ലാബുകളെ കൂടി ഫലപ്രദമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. ലാബിന്റെ ക്രിയാത്മകമായ നടത്തിപ്പിനായി കേരളാ സ്റ്റാർട്ട് അപ്പ് മിഷന്റെ കൊച്ചിയിലുള്ള ഫാബ് ലാബിൽ ഒരു ബാച്ച് അധ്യാപക പരിശീലനം പൂർത്തികരിച്ചു. നമ്മുടെ കുഞ്ഞുങ്ങളെ വരുന്ന നൂറ്റാണ്ടിൽ ഫലപ്രദമായി ജീവിക്കാൻ പ്രാപ്തരാക്കുകയും അതു വഴി സർക്കാർ മുന്നോട്ട് വെക്കുന്ന വിജ്ഞാന സമൂഹത്തെ സാക്ഷാൽക്കരിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Share news