സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക്: ഇന്നലെ ദർശനം നടത്തിയത് 55,529 പേര്‍
.
മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക്. ഇന്നലെ ദർശനം നടത്തിയത് 55,529 തീര്‍ത്ഥാടകരാണ്. 30000 ആയിരുന്നു ഇന്നലത്തെ മാത്രം ബുക്കിംഗ്. ഡിസംബർ 3 വരെ വെർച്വൽ ക്യൂ ബുക്കിംഗും നിറഞ്ഞുകഴിഞ്ഞു. അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് വഴി ഒരു ദിവസം 70,000 തീർത്ഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.

ഡിസംബർ 03 വരെയുള്ള ബുക്കിംഗ് പൂർത്തിയായി. ചെങ്ങന്നൂർ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് വഴി പ്രതിദിനം 20,000 തീർത്ഥാടകരെ പ്രവേശിപ്പിക്കും.

എരുമേലി, സത്രം കാനന പാതകളിലെ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 7 മണി മുതൽ സത്രം വഴി തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 18,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.




