കുറ്റ്യാടി ആശുപത്രി അധികൃതരുടെ അനാസ്ഥ: സമരം തുടങ്ങും മുമ്പേ വിജയത്തിൻറെ പൊൻതിളക്കം
കുറ്റ്യാടി: കുറ്റ്യാടി ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കേരള സീനിയർ സിറ്റിസൺസ് ഫോറം കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി നടത്താനിരുന്ന ധർണ സമരം പിൻവലിച്ചു. ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. അനുകൂല വാർത്ത അറിഞ്ഞ ഉടനെ പഴയ സ്റ്റാൻഡിൽ നിന്നും ആശുപത്രിവരെ അധികൃതർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് മേഖലാ കമ്മിറ്റി പ്രവർത്തകർ പ്രകടനം നടത്തി.

വയോജനങ്ങൾക്ക് പ്രത്യേകം വാർഡ് ഏർപ്പാടാക്കുക, സ്പെഷ്യൽ ഓപി ടിക്കറ്റ് കൗണ്ടർ സജ്ജീകരിക്കുക, പരിശോധനക്കായി പ്രത്യേകം രണ്ട് ഡോക്ടർമാരെ ഏർപ്പെടുത്തുക, പ്രത്യേകം ഇരിപ്പടം തയ്യാറാക്കുക എന്നീ ആവശ്യങ്ങളായിരുന്നു സംഘടന മുന്നോട്ടുവെച്ചത്.

തുടർന്ന് സംഘടനയുടെ സ്ഥാപക നേതാവ് എംസിവി ഭട്ടതിരിപ്പാടിന്റെ അനുസ്മരണം ജില്ലാ വൈസ് പ്രസിഡണ്ട് ഇ സി ബാലൻ ഉദ്ഘാടനം ചെയ്തു. വി. കെ ഇബ്രാഹിം കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ടി.എ. അഹമ്മദ്, ഇബ്രാഹിം തിക്കോടി, കെ.കെ ഗോവിന്ദൻ കുട്ടി മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, വേണു നമ്പ്യാർ, ടി.കെ കുഞ്ഞി കൃഷ്ണൻ എന്നിവർ സംസാരിച്ചു. മേനിക്കണ്ടി അബ്ദുള്ള സ്വാഗതവും പി.സി മൂസ നന്ദിയും പറഞ്ഞു.
