ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽവേ: ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു
.
യാത്രയിൽ പുതിയ ചരിത്രം കുറിക്കാൻ ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് പരീക്ഷണ ഓട്ടം. രണ്ട് ഡ്രൈവർ പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമടക്കം, 10 കോച്ചുകളാകും ഹൈഡ്രജൻ പവർ ട്രെയിനിൽ.

2500 ഓളം യാത്രക്കാർക്ക് യാത്ര ചെയ്യാനാകുന്ന ട്രെയിൻ കാർബൺഡൈ ഒക്സൈഡിന് പകരം നീരാവിയാണ് പുറന്തള്ളുക. ജിന്ദ് റെയിൽവേ ജംഗ്ഷനിൽ 2,000 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച 120 കോടി രൂപയുടെ ഹൈഡ്രജൻ ഗ്യാസ് പ്ലാന്റാണ് പദ്ധതിയുടെ കേന്ദ്രബിന്ദു. പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്ത്യൻ റെയിൽവേയും, ആർഡിഎസ്‌ഒയും സ്പാനിഷ് പങ്കാളികളായ ഗ്രീൻ എച്ച് കമ്പനിയും കേന്ദ്രസർക്കാരിന് സംയുക്തമായി റിപ്പോർട്ട് നൽകും.

പരമ്പരാഗത ഡീസൽ എഞ്ചിനുകളെ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യം വെച്ചാണ് ഹൈഡ്രജൻ പവർ ട്രെയിൻ അവതരിപ്പിക്കുന്നത്. ഡീസൽ എഞ്ചിൻ ട്രെയിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ട്രെയിനുകൾ വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമാണ്. ട്രെയിനിന് മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.




