KOYILANDY DIARY.COM

The Perfect News Portal

നേപ്പാളിൽ ഇന്ത്യൻ പാസഞ്ചർ ബസ് മറിഞ്ഞുണ്ടായ അപകടം; മരണം 27 ആയി

നേപ്പാളിൽ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ഇന്നലെയാണ് താനാഹൂൻ ജില്ലയിലെ മർസ്യാങ്ഡി നദിയിലേക്ക് ബസ് മറിഞ്ഞത്.  പൊഖാറയിൽ നിന്ന് കാത്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടക്കുമ്പോൾ നാൽപ്പത് പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ പതിനാറ് പേരെ എയർ ലിഫ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് കാത്മണ്ഡുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കാത്മണ്ഡുവിലേക്ക് മാറ്റിയിട്ടുണ്ട്.

 

ബസിലെ യാത്രക്കാരെല്ലാം മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നുള്ളവരാണ്. നേപ്പാളിലെ ബസ് അപകടവുമായി ബന്ധപ്പെട്ട്, ജൽഗാവ് ജില്ലയിൽ കുടുങ്ങിപ്പോയ ഭക്തർക്ക് എല്ലാവിധ സഹായങ്ങളും നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരുന്നു.

Advertisements

 

വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്‌സിൽ കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ദുരിതബാധിതർക്ക് ഇന്ത്യൻ എംബസി എല്ലാ സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share news