ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ പി ടി ഉഷയ്ക്കെതിരെ പടയൊരുക്കം

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ പി ടി ഉഷയ്ക്കെതിരെ പടയൊരുക്കം. 12 അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അസോസിയേഷന്‍ ചട്ട ലംഘനം, പെരുമാറ്റം, അനധികൃത ചെലവ് എന്നിവ ആരോപിച്ചാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

ഈ മാസം 25ന് ചേരുന്ന ജനറല്‍ മീറ്റിങ്ങില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് അംഗങ്ങളുടെ തീരുമാനം. 15 അംഗ കമ്മിറ്റിയില്‍ 12 പേരാണ് പി.ടി ഉഷക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒളിമ്പിക്സ് അസോസിയേഷന്‍ അധ്യക്ഷയുടെ അധികാരം വെട്ടിക്കുറക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. അസോസിയേഷന്‍ ചട്ട ലംഘനം, പെരുമാറ്റം, അനതികൃത ചെലവ് എന്നിവയാണ് പി.ടി ഉഷക്കെതിരെ അംഗങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ജനുവരിയില്‍ രഘുറാം അയ്യരെ സിഇഒ ആയി നിയമിച്ചിരുന്നു.

ഇത് ഏകപക്ഷീയ തീരുമാനമാണെന്ന ആരോപണവും അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒളിമ്പിക്സിന് അധിക പണം ചെലവഴിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പിലെ അപാകതകള്‍ എന്നിവ ചൂണ്ടിക്കാട്ടി നേരത്തേയും പി.ടി ഉഷക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വെയ്റ്റ് ലിഫിറ്റിങ് ഫെഡറേഷന് അനുവദിച്ച 1.75 കോടി രൂപ വായ്പയാണെന്ന അധ്യക്ഷയുടെ കത്തും വിവാദങ്ങള്‍ക്ക് കാരണമായി. എന്നാല്‍ സ്പോണ്‍സര്‍ഷിപ് കരാറിലൂടെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് പി.ടി. ഉഷ തള്ളി. ഐഒഎയ്ക്കു സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും നിലവിലെ ട്രഷറര്‍ സഹ്‌ദേവ് യാദവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഉഷ പ്രതികരിച്ചു.

