സ്ത്രീകൾ തീരെ സുരക്ഷിതരല്ലാത്ത ആറ് രാജ്യങ്ങളുടെ പട്ടകയിൽ ഇന്ത്യ

സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള 6 രാജ്യങ്ങളൽ ഇന്ത്യയും. കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് രാജ്യമെങ്ങും സ്ത്രീസുരക്ഷയെച്ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് കേരളത്തിൽ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ തുറന്നുകാട്ടുന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും അതിന്മേലുള്ള വെളിപ്പടുത്തലുകൾ രാജ്യമെങ്ങും ചർച്ചയാകുന്നതും.

തൊഴിലിടങ്ങളിലെ സ്ഥിതി ഇതാണെങ്കിൽ പൊതുഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന സുരക്ഷാ പ്രശ്നങ്ങൾ എത്രത്തോളം വലുതായിരിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനിടയിലാണ് വേൾഡ് പോപ്പുലേഷൻ റിവ്യു ലോകത്ത് സ്ത്രീകൾ തീരെ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.


ദക്ഷിണാഫ്രിക്ക

സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയാണ്. ലിംഗവിവേചനവും അതനുസരിച്ചുള്ള അതിക്രമങ്ങളും ഇവിടെ സർവ്വസാധാരണമാണെന്ന് വേൾഡ് പോപ്പുലേഷൻ റിവ്യു റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 25 ശതമാനം സ്ത്രീകൾ മാത്രമാണ് ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതരായിട്ടുള്ളത്. ലൈംഗിക അതിക്രമം, ആക്രമണങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയവയൊക്കെ സ്ത്രീകൾ വലിയതോതിൽ ഇവിടെ നേരിടേണ്ടിവരുന്നു. തനിച്ച് യാത്ര ചെയ്യുക എന്നത് ചിന്തിക്കാനാവാത്ത കാര്യമാണെന്നാണ് സ്ത്രീകൾ പ്രതികരിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

