KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യ മുന്നണി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ചു: പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണി പ്രസിദ്ധപ്പെടുത്തണം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍. ജൂണ്‍ നാലിന് വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങളും മുന്നണി നേതാക്കള്‍ കമ്മിഷനുമായി ചര്‍ച്ചചെയ്തു.

തിരഞ്ഞെടുപ്പിന്റെ സമയത്ത് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്ന ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ പ്രതിനിധി സംഘമാണ് ഇതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്‌വി പറഞ്ഞു. നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കാനായാണ് തങ്ങള്‍ ഇവിടെ വന്നത്. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമുള്ളതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

തപാല്‍ വോട്ടുകളാവണം ആദ്യം പരിഗണിക്കേണ്ടതെന്ന് നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. വോട്ടിങ് മെഷീനില്‍ നിന്നുള്ള ഫലം പുറത്തുവരുംമുമ്പ് തപാല്‍ വോട്ടുകളുടെ ഫലം പ്രസിദ്ധപ്പെടുത്തണം. ഈ നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അട്ടിമറിച്ചു. അത് നിയമവിരുദ്ധമാണ്. അതിനാല്‍, ഭേദഗതി വരുത്താനോ റദ്ദാക്കാനോ സാധിക്കാത്ത ചട്ടം 54 (എ) കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertisements

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന്റെ അടുത്ത ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനെത്തിയത് എന്നത് ശ്രദ്ധേയമാണ്. എന്‍.ഡി.എ. മികച്ച ഭൂരിപക്ഷം നേടുമെന്നും നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നുമാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. അതേസമയം, ഇന്ത്യ മുന്നണിക്ക് പിന്നാലെ ബി.ജെ.പി. നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും പിയൂഷ് ഗോയലുമാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാനെത്തിയത്. വിവിധ ആവശ്യങ്ങള്‍ കമ്മിഷനോട് ഉന്നയിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് ബി.ജെ.പി. നേതാക്കള്‍ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

Share news