വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവം; ബെയിലിൻ ദാസിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ബെയിലിൻ ദാസിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് ബെയിലിൻ ദാസിനെ ഈ മാസം 30 വരെ കോടതി റിമാൻഡ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ, മർദ്ദനം, മർദ്ദിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതി ബെയിലിൻദാസിന് നേരെയുള്ളത്. ജൂനിയർ അഭിഭാഷകയായ ശ്യാമിലി, ബെയ്ലിൻ ദാസിനെയാണ് മർദ്ദിച്ചതെന്നാണ് കോടതിയിൽ പ്രതിഭാഗം ഉന്നയിച്ചത്. അതേസമയം കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ബെയ്ലിൻ ദാസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി പറഞ്ഞു.

സംഭവത്തിന് പിന്നാലെ ബെയ്ലിൻ ദാസിനെ ബാർ കൗൺസിലും ബാർ അസോസിയേഷനും സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും പ്രതിയായ അഭിഭാഷകനോട് വിശദീകരണം ചോദിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബെയിലിൻ ദാസ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് തെളിഞ്ഞിരുന്നു. കോൺഗ്രസ് ആണ് തന്റെ കുടുംബം എന്ന് ബെയിലിൻ തന്നെ പറയുന്ന വീഡിയോ പുറത്തായിരുന്നു. അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസ് ഇടതുപക്ഷ പ്രവർത്തകനാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്ന് ബെയിലിൻ തന്നെ പറയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തായത്. സിപിഐയിൽ കുറച്ച് കാലം പ്രവർത്തിച്ചിരുന്ന ഇയാൾ 2020ലാണ് കോൺഗ്രസിൽ എത്തിയത്. കോൺഗ്രസ് തന്റെ കുടുംബം ആണെന്നും കോൺഗ്രസിലേക്ക് തിരിച്ചെത്തിയെന്നും ബെയിലിൻ പറയുന്ന പഴയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.

