മുട്ടിൽ മരം മുറികേസിൽ മുഴുവന്‍ പിഴയും അഗസ്റ്റിന് സഹോദരന്മാരില് നിന്ന് ഈടാക്കണം; സി കെ ശശീന്ദ്രന്
മുട്ടിൽ മരം മുറികേസിൽ മുഴുവന്‍ പിഴയും അഗസ്റ്റിന് സഹോദരന്മാരില് നിന്ന് ഈടാക്കണമെന്ന് സിപിഐ (എം) സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രന് പറഞ്ഞു. ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിൻറെ നയത്തിന് വിരുദ്ധമായി മുട്ടിൽ മരംമുറിയിൽ കർഷകരായ ഭൂവുടമകളിൽനിന്ന് പിഴ ഈടാക്കാനുള്ള റവന്യു വകുപ്പ് അധികൃതരുടെ നിലപാടിനെതിരെ സിപിഐ (എം) നേതൃത്വത്തിൽ മുട്ടിൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു.

റവന്യു അധികൃതർ നീതിപാലിക്കുക, മുട്ടിലെ മരംമുറി സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ ജയിലിലടക്കുക, കർഷകർക്ക് ചുമത്തിയ പിഴ പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി മുട്ടിൽ ടൗണിൽനിന്ന് പ്രകടനമായെത്തിയായിരുന്നു ഉപരോധം. പിഴ ഈടാക്കാൻ നോട്ടീസ് ലഭിച്ച കർഷകരടക്കം ഉപരോധത്തിൽ പങ്കാളികളായി. കര്‍ഷകരെ പറ്റിച്ചാണ് മരം മുറിച്ചത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയതാണ് സര്‍ക്കാര്‍. അവര്‍ക്ക് നോട്ടീസ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനംചെയ്ത് ഭൂവുടമകളെ വഞ്ചിച്ച് പട്ടയഭൂമികളിൽനിന്ന് ഈട്ടി മുറിച്ച റോജി അഗസ്റ്റ്യൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ ഭൂവുടമകളായ കർഷകരെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് മറികടന്നും ചില റവന്യു അധികൃതർ കർഷകർക്ക് പിഴ ഈടാക്കുമെന്നറിയിച്ച് നോട്ടീസ് അയക്കുകയായിരുന്നു.

ആദിവാസികളുൾപ്പെടെയുള്ള ഏറ്റവും പാവപ്പെട്ടവരെ വഞ്ചിച്ചാണ് റോജി അഗസ്റ്റിനും സഹോദരങ്ങളും മരംമുറിച്ചത്. പത്തും ഇരുപതും സെന്റ് മാത്രം ഭൂമിയുള്ള കർഷകരിൽനിന്നടക്കമാണ് ലക്ഷങ്ങൾ പിഴ ഒടുക്കണമെന്ന് നോട്ടീസ് അയച്ചത്. 60 ലക്ഷം രൂപ പിഴ അടയ്ക്കേണ്ടവർ ഉൾപ്പടെ 35 പേർക്ക് നോട്ടീസ് അയച്ചു. 27 പേർക്ക് കൂടി നോട്ടീസ് ഭീഷണിയുണ്ട്.

