KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവ​ഗണന മാത്രം ബജറ്റ് പ്രസം​ഗത്തിൽ ഒരു തവണപോലും കേരളം എന്ന പരാമർശം ഇല്ല

ന്യൂഡൽഹി: എൻഡിഎ സഖ്യകക്ഷികൾക്ക് വമ്പൻ പദ്ധിതികൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് പാടെ അവ​ഗണന. ബജറ്റ് പ്രസം​ഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന്റെ പേര് പരാമർശിച്ചില്ല. ഇത്തവണയും എയിംസ് ഇല്ല. പ്രത്യേക പദ്ധതികളുമില്ല. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ അനുവദിക്കണം എന്നതുൾപ്പെടെയുള്ള കേരളത്തിന്റെ  ആവശ്യങ്ങളും തള്ളി.

കേരളത്തിന്റെ എയിംസ് പ്രതീക്ഷകളിൽ പോലുമുണ്ടാവില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പ്‌.  ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി (എയിംസ്)ന്‌ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാക്കിയ ഘട്ടത്തിലാണ്‌ കേന്ദ്രസർക്കാരിന്റെ ചില നീക്കങ്ങളും പ്രതികരണങ്ങളും പ്രതീക്ഷകളെ തകിടംമറിച്ചത്‌. വമ്പൻ പദ്ധതികളുടെ ഏറ്റവും വലിയ കടമ്പ സ്ഥലം ഏറ്റെടുക്കലാണ്‌. അതിൽ  സംസ്ഥാന സർക്കാർ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു.

കേരളത്തോടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്ടീയ വിദ്വേഷമാണ്‌ എയിംസിനെ മുൾമുനയിലാക്കുന്നത്‌. കിനാലൂരിൽ കെഎസ്ഐഡിസിയുടെ 150 ഏക്കർ ഏറ്റെടുത്ത്‌ സാമൂഹികാഘാത പഠനമുൾപ്പെടെ നടത്തി എയിംസിനായി കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ വർഷങ്ങളായി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 40  ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നടപടിയും അന്തിമഘട്ടത്തിലാണ്‌. അടുത്തിടെ  പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷായോജന പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ 22 എയിംസുകൾക്ക് അംഗീകാരം നൽകിപ്പോഴും കേരളത്തെ തഴഞ്ഞു.  

Advertisements

മുഖ്യമന്ത്രി അയച്ച കത്തിന്‌ മറുപടിയായി കേരളത്തിന്  അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ  രേഖാമൂലം അറിയിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ കിനാലൂർ പരിഗണിച്ചത്. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലും അനുകൂല നിലപാടാണുണ്ടായതെന്ന്‌ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

അതിനിടയിലാണ്‌ സംസ്ഥാനത്ത് എയിംസ് പരിഗണനയിലില്ലെന്ന് കഴിഞ്ഞ കേന്ദ്രസർക്കാരിലെ കേന്ദ്ര കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പർവിൻ പവാർ അറിയിച്ചത്. കേരളത്തിൽ എയിംസ്‌ ഉണ്ടാവുമെന്നും അത്‌ കോഴിക്കോട്ട്‌ ആയിരിക്കില്ലെന്നും‌ കേന്ദ്രസഹമന്ത്രിയായ സുരേഷ്‌ ഗോപിയും പ്രതികരിച്ചിട്ടുണ്ട്‌.

കെഎസ്ഐഡിസിയുടെ കൈവശമുള്ള ഭൂമിക്കുപുറമെ താമരശേരി താലൂക്കിൽപ്പെട്ട കിനാലൂർ കാന്തലാട് വില്ലേജുകളിലെ 193 കുടുംബങ്ങളുടെയും ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെയും മസ്ജിദിന്റേതുമുൾപ്പെടെ 40.6802 ഹെക്ടറാണ്‌  രണ്ടംഘട്ടമായി ഏറ്റെടുത്തത്. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള നടപടികളെല്ലാം പൂർത്തിയായിരുന്നു. ഇതിനിടയിലാണ്‌ കോഴിക്കോട്ടുണ്ടാവില്ലെന്ന പ്രതികരണങ്ങൾ. പാലക്കാടും കാസർകോടും ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതായും പ്രചാരണമുണ്ടായി. സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമി വേണ്ടെന്നുവച്ച്‌ എയിംസ്‌ മറ്റൊരിടത്ത്‌ സാധ്യമാകുന്നത്‌ എങ്ങനെയെന്ന ചോദ്യം അവശേഷിക്കുന്നു.

Share news