സ്വകാര്യ സർവ്വകലാശാലയുടെ കാര്യത്തിൽ ഫലപ്രദമായ നടപടി വേഗത്തിലുണ്ടാകും; മുഖ്യമന്ത്രി
കോഴിക്കോട്: സ്വകാര്യ സർവ്വകലാശാലയുടെ കാര്യത്തിൽ ഫലപ്രദമായ നടപടി വേഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ സർവ്വകലാശാലയ്ക്ക് എതിരായ മനോഭാവം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥാപനങ്ങൾക്ക് സ്വയംഭരണമെന്നതും തത്വത്തിൽ നിഷേധിക്കുന്നില്ല. വിദേശ സർവ്വകലാശാലകളുമായി ഇപ്പോൾതന്നെ സഹകരിക്കുന്നുണ്ട്– കോഴിക്കോട് നവകേരള സദസിന്റെ ഭാഗമായുള്ള പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ വലിയതോതിൽ മാറ്റങ്ങൾ വരികയാണ്. ലോകത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളിൽ നിന്ന് മാറിനൽക്കാനാകില്ല. സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയതോതിൽ മെച്ചപ്പെടുന്നു. അൺഎയ്‌ഡ്‌ഡ് സ്ഥാപനങ്ങളോട് വിവേചനമില്ലെന്നതാണ് സർക്കാർ നയം. അതേസമയം സർക്കാർ സഹായം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. അത് അൺഎയ്‌ഡിന് നൽകാനുദ്ദേശിക്കുന്നില്ല.

കോഴിക്കോട് ഫൈനാർട്‌സ് കോളേജ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടങ്ങൾ തോട്ടമായി സംരക്ഷിച്ച് നിലനിർത്താനാകണമെന്നതാണ് സർക്കാർ നയം. നിശ്ചിതശതമാനം ഭൂമി മറ്റുവിളകൾക്ക് അനുവദിച്ചത് കൃത്യമായ വ്യവസ്ഥയിലാണ്. തോട്ടങ്ങളുടെ അമ്പത്‌ശതമാനം ഭൂമി ടൂറിസത്തിന് എന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

