വർധിച്ചുവരുന്ന അക്രമവാസനയ്ക്കും ലഹരി ഉപഭോഗത്തിനുമെതിരെ സ്‌നേഹത്തോണുമായി ഐഎച്ച്ആർഡി ക്യാമ്പസുകൾ

കോഴിക്കോട് വർധിച്ചുവരുന്ന അക്രമവാസനയ്ക്കും ലഹരി ഉപഭോഗത്തിനുമെതിരെ സ്‌നേഹത്തോണുമായി ഐഎച്ച്ആർഡി ക്യാമ്പസുകൾ. വെള്ളിയാഴ്ച രാവിലെ നഗരകേന്ദ്രങ്ങളിൽ പ്രമുഖർ പങ്കെടുത്ത കൂട്ടയോട്ടത്തോടെയാണ് പരിപാടി തുടങ്ങിയത്. അതിനുശേഷം സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ സ്നേഹമതിൽ തീർത്തു. യുവതയെ ക്രിയാത്മക വാസനകളിലേക്കും പരസ്‌പര സ്നേഹത്തിലും സഹായത്തിലും ഊന്നിയുള്ള ക്യാമ്പസ് സംസ്‌കാരത്തിലേക്കും നയിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്.

കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ബേപ്പൂർ, കുന്നമംഗലം, കോഴിക്കോട് ബീച്ച്, മൊഫ്യൂസൽ ബസ് സ്‌റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സരോവരം ബയോപാർക്ക് എന്നിവിടങ്ങളിൽ സ്‌നേഹത്തോൺ സംഘടിപ്പിച്ചു. കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ക്യാമ്പസിൽ നടന്ന സ്‌നേഹസംഗമം സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ ഡോ. അൽഫോൻസാ മാത്യു അധ്യക്ഷയായി. സ്‌പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി മുഖ്യാതിഥിയായി. ഡോ. അനിൽ മേനോൻ, കെ പി ആന്റണി, കോളേജ് യൂണിയൻ ചെയർമാൻ ടി അലോഗ് എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ എ സുമിത സ്വാഗതവും പി ടി ബിന്ദുമോൾ നന്ദിയും പറഞ്ഞു. കുന്നമംഗലത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കാരന്തൂർ മർകസ് കോളേജിലെ എൻഎസ്‌എസ് വിദ്യാർത്ഥികളും കൂട്ടയോട്ടത്തിൽ പങ്കാളികളായി. ബേപ്പൂരിൽ വാർഡ് കൗൺസിലർ എം ഗിരിജ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ സബ് ഇൻസ്‌പെക്ടർ എം രവീന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ ജിജേഷ് കുമാറും സരോവരം ബയോപാർക്കിൽ കെ പി സുനിൽ ബാബുവും കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. താമരശേരി, വടകര, നാദാപുരം, തിരുവമ്പാടി, മുക്കം എന്നിവിടങ്ങളിലും പരിപാടി നടന്നു.

