KOYILANDY DIARY.COM

The Perfect News Portal

സുരേഷ് ​ഗോപിക്ക് അവ​ഗണന; സ്ഥാനമേൽക്കൽ ചടങ്ങിൽ നിന്ന്‌ വിട്ടുനിന്ന്‌ ബിജെപി നേതാക്കൾ

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിയായി സുരേഷ്‌ ഗോപിയുടെ സ്ഥാനമേൽക്കുന്ന ചടങ്ങിലേക്ക്‌ തിരിഞ്ഞുനോക്കാതെ കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ. സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായതിൽ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി നേതാക്കൾ അതൃപ്‌തരാണെന്ന റിപ്പോർട്ടുകൾക്കിടെയാണ്‌ സ്ഥാനമേറ്റെടുക്കൽ ചടങ്ങിലെ ബിജെപി നേതാക്കളുടെ അസാന്നിദ്ധ്യം.

അതേ സമയം ചൊവ്വാഴ്‌ച ചുമതലയേറ്റെടുത്ത കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ സഹമന്ത്രിയായ ജോർജ്‌ കുര്യനെ അഭിനന്ദിക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കളെത്തി. രാധാകൃഷ്‌ണ മേനോൻ, എസ്‌ സുരേഷ്‌ തുടങ്ങിയ നേതാക്കളാണ്‌ ജോർജ്‌ കുര്യന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ പങ്കാളിയായത്‌. ജോർജ്‌ കുര്യനെ ഓഫീസിലെത്തി അഭിനന്ദിച്ച വി മുരളീധരൻ ചിത്രം സാമൂ​ഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. സംസ്ഥാന ബിജെപിയുടെ ഔദ്യോ​ഗിക മീഡിയ വാട്സ്ആപ് ​ഗ്രൂപ്പിൽ ജോർജ് കുര്യൻ ചുമതലയേറ്റ ചിത്രങ്ങളും വാർത്തയും പ്രസിദ്ധീകരണത്തിനായി നൽകിയപ്പോഴും സുരേഷ് ​ഗോപിയെ അവ​ഗണിച്ചു.

 

പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, എം ടി രമേഷ് എന്നിവർ മാത്രമാണ് ഇതുവരെ നേരിട്ട് അഭിനന്ദിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇതുവരെ കാണാൻ തയാറായിട്ടില്ല. ടൂറിസം സഹമന്ത്രിയെന്ന നിലയിൽ കേരളത്തിലെ ഇതുവരെ ഉപയോഗിക്കാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന്‌ സുരേഷ്‌ ഗോപി മാധ്യമങ്ങളോട്‌ പറഞ്ഞു. ടൂറിസം വികസനത്തിലെ തടസ്സങ്ങൾ നീക്കി അടുത്ത പടിയിലേക്ക്‌ ഉയർത്താൻ ശ്രമിക്കും. എയിംസിനായി ശ്രമം തുടരും-  സുരേഷ്‌ ഗോപി പറഞ്ഞു. 

Advertisements
Share news