ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ കണ്ടെത്താൻ രണ്ട് സംഘമായി തിരച്ചിൽ

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയതായി ഡിസിപി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ പൊലീസ് രണ്ട് സംഘമായി അന്വേഷണം നടത്തുകയാണ്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്തിന്റെ വീട്ടിൽനിന്ന് ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തു.

ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. 3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് രേഖകളും കണ്ടെടുത്തു. ഐബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പാടേ തകർന്നതിനാൽ അതിലെ തെളിവുകൾ പൂർണമായും വീണ്ടെടുക്കാനായിട്ടില്ല. പ്രതിയുടെ ഓഫീസിൽനിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽനിന്നും ലഭിച്ച തെളിവുകൾ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിൽ ഇയാളുടെ പങ്ക് വ്യക്തമാകാൻ പിടികൂടി ചോദ്യം ചെയ്യണം.

പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സുകാന്തിന് അടുപ്പമുണ്ടായിരുന്ന യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്തിനെതിരെ ബലാത്സംഗം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ സുകാന്തിന്റെ പങ്കിനെക്കുറിച്ച് അറിയാൻ വൈകിയതാണ് അയാളെ പിടികൂടാൻ കഴിയാത്തതിന് കാരണമെന്ന് ഡിസിപി പറഞ്ഞു. 27ന് ശേഷമാണ് പൊലീസിന് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.

അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ പേട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പിതാവ് കൈമാറി. ഇതിനുപിന്നാലെയാണ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തിയത്.

