‘കേരളത്തിന് വേണ്ടി ശബ്ദിക്കും; സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കായി ഇനിയും കേന്ദ്രമന്ത്രിമാരെ കാണും, അതെന്‍റെ കടമ’: ഡോ. ജോൺ ബ്രിട്ടാസ് എംപി
.
കേരളത്തിന് വേണ്ടി ശബ്ദിക്കുമെന്നും കേരളത്തിന്‍റെ ആവശ്യങ്ങൾക്കായി ഇനിയും കേന്ദ്രമന്ത്രിമാരെ കാണുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. അത് തന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ വന്ന സമഗ്ര ശിക്ഷയുടെ ഫണ്ട് പിന്നീട് വന്ന എൻ ഇ പിയും പി എം ശ്രീയുമായി ബന്ധിപ്പിച്ച് തടഞ്ഞു വെക്കേണ്ട കാര്യം എന്താണെന്ന് എന്നായിരുന്നു കേന്ദ്ര മന്ത്രിയോട് താൻ ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തടഞ്ഞുവെച്ച ഫണ്ട് കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് താൻ മധ്യസ്ഥത എന്ന നിലയിൽ നടത്തിയത്. പി എം ശ്രീ പദ്ധതിയിൽ ഒപ്പിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രവും സംസ്ഥാന സർക്കാരുമാണ് എന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പിടുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അതിൽ മുന്നോട്ട് പോകണോ എന്നുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ തീരുമാനിക്കും.

അതേസമയം, എംപി എന്ന നിലയിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം കിട്ടാൻ വേണ്ടി താൻ നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കും. കേരളവും കേന്ദ്രവും തമ്മിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നത് തനിക്ക് ഒരു ക്രെഡിറ്റ് മാത്രമാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. മാധ്യമത്തിന്‍റെ വ്യാജ വാർത്തയിലും അദ്ദേഹം പ്രതികരിച്ചു. അബ്ദുൾ വഹാബ് എംപി പറയാത്ത കാര്യങ്ങൾ ആണ് വാർത്തയായി നൽകിയത്. പെങ്ങൾ മരിച്ചു നാട്ടിലെത്തിയ അബ്ദുൾ വഹാബ് വ്യാജ വാർത്ത കണ്ട് തന്നെ വിളിച്ചു. പറയാത്ത കാര്യങ്ങൾ പറഞ്ഞാണ് മാധ്യമം ലേഖകൻ പത്രത്തിൽ വാർത്ത നൽകിയത്. തുടർന്ന് അബ്ദുൽ വഹാബ് അയച്ച മെസേജ് ജോൺ ബ്രിട്ടാസ് എം.പി മാധ്യമങ്ങളെ വായിച്ച് കേൾപ്പിക്കുകയും ചെയ്തു.

ബിജെപിയുമായി നിരന്തരം സന്ധി ചെയ്യുന്നവരാണ് കോൺഗ്രസും ലീഗുമെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിക്ക് രാജ്യസഭാ എംപി സ്ഥാനം നൽകിയയാളാണ് കെ സി വേണുഗോപാലെന്നും ഡോ. ജോൺ ബ്രിട്ടാസ് പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി പിഎം ശ്രീ ഒപ്പു വെപ്പിച്ചത് കെസി വേണുഗോപാലാണ്. രാജസ്ഥാനിൽ പി എം ശ്രീക്ക് മധ്യസ്ഥനായതും കെ സി തന്നെ. കെ സി വേണുഗോപാലിന്‍റെ സംരക്ഷണയിലാണ് ശശി തരൂർ മോദിസ്തുതി നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.



