ശബരിമലയിൽ ദർശനം നടത്താതെ മാലയൂരിയത് കപടഭക്തർ; മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: തിരക്കിന്റെയും നിയന്ത്രണങ്ങളുടെയും പേരിൽ ശബരിമലയിൽ ദർശനം നടത്താതെ മാലയൂരിയത് കപടഭക്തരെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. യഥാർത്ഥ ഭക്തർ ആരും ദർശനം നടത്താതെ മാല ഊരിയിട്ടില്ല. ചിലർ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. ശബരിമലയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാജ പ്രചാരണങ്ങളും കള്ളവാർത്തകളും. ഇതരസംസ്ഥാനത്ത് ഭക്തനെ മർദിച്ച ദൃശ്യം സന്നിധാനത്തേതെന്ന തരത്തിൽ പ്രചരിപ്പിച്ചു.

എരുമേലിയിൽ പ്രശ്നമുണ്ടാക്കിയവർ വിളിച്ചത് ഡൗൺ, ഡൗൺ കേരള സിഎം എന്നായിരുന്നു. അതിൽനിന്ന് രാഷ്ട്രീയലക്ഷ്യം വ്യക്തമാണ്. എന്നാൽ, പൊലീസ് നല്ലപോലെ ഇടപെട്ടു. സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ നേരിട്ടു. ദിവസം 80,000 പേർക്കാണ് ദർശനം നടത്താൻ കഴിയുക. എന്നാൽ, 1.25 ലക്ഷം പേർ വരെയെത്തി. തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് മികച്ച സൗകര്യങ്ങളൊരുക്കാനും നടപടി സ്വീകരിച്ചിരുന്നു. ദർശനസമയം രണ്ടു മണിക്കൂറിലധികം നീട്ടി. 52 ലക്ഷത്തിലധികം പേർ ഈ സീസണിൽ എത്തി.

തീർത്ഥാടകർക്ക് മികച്ച അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. വരുമാനം നോക്കിയല്ല ശബരിമലയിലെ വികസനപ്രവർത്തനം. ഈ സാമ്പത്തിക വർഷം 30 കോടി ബജറ്റിൽ മാറ്റിവെച്ചു. വിവിധ വകുപ്പുകളും കോടികൾ ചെലവഴിച്ചു. വികസനത്തിന് ഭൂമി ലഭ്യതയാണ് തടസ്സം. ഭൂമി ലഭ്യമാക്കാൻ പ്രധാനമന്ത്രിയുമായും കേന്ദ്ര സർക്കാരുമായും ബന്ധപ്പെട്ടു. 4.5366 ഹെക്ടർ സ്ഥലത്തിന് സർവേ പൂർത്തിയാക്കി. ഇത് ലഭിച്ചാൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

വില്ലനായി ‘ഹൃദയം’
കോവിഡിനുശേഷം മല കയറാനെത്തിയവർക്ക് ശ്വാസതടസ്സമുൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി മന്ത്രി കെ രാധാകൃഷ്‌ണൻ. സർക്കാർ ഒരുക്കിയ 27 എമർജൻസി മെഡിക്കൽ സെന്ററുകളിൽ എത്തിയവരിൽ ഭൂരിഭാഗത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരുന്നു. തീർത്ഥാടനത്തിനിടെ മരിച്ച കുട്ടിക്ക് ജന്മനാ ഹൃദ്‌രോഗമുണ്ടായിരുന്നു. ആ കുട്ടിയെ മലകയറ്റാൻ പാടില്ലാത്തതായിരുന്നു– -മന്ത്രി പറഞ്ഞു.

