ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. കുഷ് വേണോ എന്നായിരുന്നു ചോദ്യം. വെയിറ്റ് എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. നടന്മാരെ പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്ന് എക്സൈസ് പറഞ്ഞു. മോഡൽ സൗമ്യയെയും സാക്ഷിയാക്കും.

അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്നലെയും സിനിമ മേഖലയിലുള്ള രണ്ടുപേരെ ചോദ്യം ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജിൻ്റോയും നിർമാതാവിൻ്റെ സഹായി ജോഷിയുമാണ് ഇന്നലെ ഹാജരായത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ഒന്നാം പ്രതി തസ്ലിമയുമായി എന്തിനാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത് എന്നറിയാനാണ് ഇരുവരെയും വിളിച്ചു വരുത്തിയത്.

താൻ നിരപരാധിയാണെന്ന് ജിൻ്റോ പറഞ്ഞു. തസ്ലിമയുമായി പരിചയമുണ്ടെന്ന് സമ്മതിച്ച ജിൻ്റോ തസ്ലിമയ്ക്ക് പണം നൽകിയത് രണ്ട് തവണയാണെന്നും അച്ഛൻ മരിച്ചെന്ന് പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തതെന്നും പറഞ്ഞു. ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ജിൻ്റോ പറഞ്ഞു. തങ്ങൾക്ക് ഹൈബ്രിഡ് കഞ്ചാവുമായി ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകൾ മാത്രമാണുള്ളതെന്ന് ജോഷി പറഞ്ഞു.

