KOYILANDY DIARY.COM

The Perfect News Portal

ഓണ്‍ലൈന്‍ തട്ടിപ്പിനുവേണ്ടി അനധികൃതമായി വിദേശത്തേക്ക് മനുഷ്യക്കടത്ത്; മുഖ്യ പ്രതി പിടിയില്‍

കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിനുവേണ്ടി അനധികൃതമായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവനത്തില്‍ പ്രവീണ്‍ (26) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിയറ്റ്‌നാമില്‍ അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവാക്കളെ കംബോഡിയയിലേക്ക് അനധികൃതമായി കടത്തിയിരുന്നത്.

ഇതിനായി പ്രതികള്‍ യുവാക്കളില്‍നിന്ന് വിസ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞ് രണ്ടുമുതല്‍ മൂന്നുലക്ഷംവരെ കൈപ്പറ്റുകയും ചെയ്തിരുന്നു. ടൂര്‍ വിസയില്‍ വിയറ്റ്‌നാമിലെത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കും. തുടര്‍ന്ന് എജന്റുമാര്‍ യുവാക്കളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണുകളും വാങ്ങിവെച്ചതിനു ശേഷം അനധികൃതമായി അതിര്‍ത്തി കടത്തി കംബോഡിയയില്‍ എത്തിക്കുകയായിരുന്നു. 

 

സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തട്ടിപ്പ് നടത്തി പണം കണ്ടെത്താനും ഇവര്‍ക്ക് ടാര്‍ജറ്റ് നല്‍കിയിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായ പ്രവീണ്‍ മുമ്പ് കംബോഡിയയില്‍ ജോലിക്കായി പോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണ്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ പ്രതി യുവാക്കളെ ഉയര്‍ന്ന ശമ്പളം വാഗ്ദാനംചെയ്ത് കംബോഡിയയിലേക്ക് കടത്തുകയായിരുന്നു.

Advertisements

 

പൊലീസ് അന്വേഷണത്തില്‍ പ്രതി ആറുമാസത്തിനുള്ളില്‍ 18 പേരെ ഇത്തരത്തില്‍ കടത്തിയതായി കണ്ടെത്തി. പൊലീസിന്റെ സൈബര്‍ വിങ്ങിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലെ മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Share news