അകലാപുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടം

കൊയിലാണ്ടി: മൂടാടി അകലാപുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടം. മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷിയിൽ മികച്ച വിളവാണ് ഈ വർഷം ലഭിച്ചത്. കേളോത്ത് മീത്തൽ സത്യൻ, കുമുള്ളകണ്ടി കുഞ്ഞിരാമൻ, സുഷലാൽ എന്നിവർ അകലാ ഫിഷ് ഫാമിലാണ് മത്സ്യകൃഷി നടത്തിവരുന്നത്.

2024 ഒക്ടോബറിലാണ് കാളാഞ്ചി – ചിത്രലാട എന്നീ വിഭാഗത്തിലെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഓണ വിപണി കണക്കാക്കിയാണ് പൂർണ വളർച്ചയെത്തിയ മത്സ്യവിളവെടുപ്പ് നടത്തിയത്. പുഴയിൽ തന്നെ വളരുന്നത് കൊണ്ട് മത്സ്യത്തിന് നല്ല രുചിയുണ്ടാകുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് പ്രൊജക്റ്റ് ഓഫീസർ ആതിര, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായി. മത്സ്യമേഖലയിലെ നൂതന പദ്ധതികൾ നടപ്പിക്കിയതിന് മൂടാടി ഗ്രാമപഞ്ചായത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

