നിങ്ങൾ സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി? ഇടയ്ക്ക് ഓഫ് ചെയ്തില്ലെങ്കിൽ പണികിട്ടും
.
ദൈനംദിന ജീവിതത്തിൽ മണിക്കൂറുകളോളം സ്മാർട്ട് ഫോണിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്മാർട്ട് ഫോൺ ഇടയ്ക്ക് ഓഫ് ചെയ്ത് വെയ്ക്കാതെ തുടർച്ചയായി പ്രവർത്തിപ്പിച്ച് കൊണ്ടിരുന്നാൽ നല്ല എട്ടിന്റെ പണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഗുരുതരമായ ബാറ്ററി പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാമെന്നാണ് സാങ്കേതിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇവരുടെ അഭിപ്രായ പ്രകാരം ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. ഇത് ഉപകരണത്തിൻ്റെ ആയുസ്സ് വർദ്ധിപ്പിക്കാനും, സ്ക്രീനിന് ആവശ്യമായ ഇടവേള നൽകാനും സഹായകമാകും.

നെറ്റ്‌വർക്ക് പ്രശനങ്ങൾ പരിഹരിക്കാനും മൊബൈൽ ഇടയ്ക്ക് ഓഫാക്കുന്നത് ഉപകരിക്കും. ദീർഘനേരം നെറ്റ്‌വർക്കുമായി കണക്ട് ചെയ്യുമ്പോൾ സാധാരണയായി നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുകയും ഇത് ഡൗൺലോഡിംഗ് വേഗത കുറയ്ക്കാനും സ്പോട്ടിഫൈ പോലുള്ള സ്ട്രീമിംഗ് സർവ്വീസുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കാനും സാധ്യതയുണ്ട്.

അതേസമയം സൈബർ സുരക്ഷ ഉറപ്പാക്കാനും ഇത്തരത്തിൽ മൊബൈൽ ഓഫാക്കുന്നത് ഉപകരിക്കും. ടാബ്‌ലെറ്റുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ദിവസവും ഓഫ് ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പൊതു ഇടങ്ങളിലെ വൈ-ഫൈ ഉപയോഗപ്പെടുത്തേണ്ടി വരുമ്പോഴും ഇടയ്ക്കിടെ ഫോൺ ഓഫ് ചെയ്യുന്നത് സുരക്ഷാ ഭീഷണികളെ ഒഴിവാക്കാൻ സഹായിക്കും. ഇങ്ങനെ ഇടയ്ക്കൊന്ന് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുന്നത് മൂലം ഉപകരണത്തിന്റെ വേഗത വർദ്ധിക്കുകയും ബാറ്ററി ലൈഫ് മെച്ചപ്പെടുകയും ചെയ്യും.




