വിദ്യാർത്ഥിയുടെ അവസരോചിത ഇടപെടലിൽ വീട്ടമ്മക്ക് നഷ്ടമായ സ്വർണം തിരിച്ചുകിട്ടി

വടകര: വിദ്യാർത്ഥിയുടെ അവസരോചിത ഇടപെടലിൽ വീട്ടമ്മക്ക് നഷ്ടമായ രണ്ട് പവൻ സ്വർണ കൈച്ചെയിൻ തിരികെ കിട്ടി. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി വള്ളിയാട് ചക്കിട്ടാണ്ടി ആകാശ് എസ് ശശീന്ദ്രന്റെ ജാഗ്രതയിലും ഓർമശക്തിയുമാണ് വീട്ടമ്മയ്ക്ക് നഷ്ടമായ സ്വർണം തിരികെക്കിട്ടാൻ വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം ആയഞ്ചേരിക്കും വള്ളിയാട് യുപി സ്കൂളിനുമിടയിൽ തെക്കിയടത്ത് ആയിഷുവിന്റെ സ്വർണ കൈച്ചെയിൻ നഷ്ടപ്പെട്ടു. വള്ളിയാട് ഞാലിയിൽ താഴെ ബസ് സ്റ്റോപ്പിനടുത്ത് നിൽക്കുമ്പോൾ റോഡിൽനിന്നു ഒരു ഓട്ടോ ഡ്രൈവർ കൈച്ചെയിൻ എടുക്കുന്നത് ആകാശ് കണ്ടു. ഓട്ടോ അതിവേഗത്തിൽ പോയെങ്കിലും ആകാശ് നമ്പർ മനസ്സിൽ കുറിച്ചിട്ടു.

വീട്ടിൽ എത്തിയ ഉടനെ ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. അയൽവാസിയായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ വടകര പൊലീസുമായി ബന്ധപ്പെടുകയും ഓട്ടോ ഡ്രൈവറെ കണ്ടെത്തുകയുമായിരുന്നു. ഡ്രൈവർ സ്വർണം പൊലീസിൽ ഏൽപ്പിച്ചു. നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടിയതോടെ ആയിഷു ഉമ്മയും കുടുംബവും സന്തോഷത്തിലായി. ഉപഹാരം നൽകി ആയിഷു ഉമ്മയുടെ കുടുംബവും വടകര പൊലീസും ആകാശിനെ അഭിനന്ദിച്ചു. മേമുണ്ട സ്കൂളിൽ നടന്ന ചടങ്ങിൽ ആകാശിനെ പ്രധാനാധ്യാപകൻ പി കെ ജിതേഷും അഭിനന്ദിച്ചു. കണ്ണിപ്പൊയിൽ ശശീന്ദ്രന്റെയും ഷീജയുടെയും മകനാണ് ആകാശ്.

