2025ലെ സ്കൂൾ കായികമേളയിൽ മെഡൽ നേടിയ നിർധന വിദ്യാർത്ഥികൾക്ക് വീട് വെച്ച് നല്‍കും; മന്ത്രി വി ശിവൻകുട്ടി
.
2025ലെ സ്കൂൾ കായികമേളയിൽ മെഡൽ നേടിയ നിർധന വിദ്യാർത്ഥികൾക്ക് വീട് വെച്ച് നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മൂന്ന് വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തില്‍ വീട് വെച്ചുനൽകുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ തറക്കല്ലിടും. വീട് വെച്ച് നൽകാൻ തയ്യാറെന്ന് കെഎസ്ടിഎ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ചിത്രത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആ ചിത്രം എ ഐ ആണ്. മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. വ്യാജ ആരോപണങ്ങളെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനമാണ്. ഇതൊന്നും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സോണിയയുമായി ബന്ധപ്പെട്ട അടൂർ പ്രകാശിന്റെ വെളിപ്പെടുത്താൽ ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു. സോണിയ ഗാന്ധിക്കൊപ്പം പോറ്റിയെ കണ്ടു എന്നുള്ളത് കഴിഞ്ഞ ദിവസം അടൂര്‍ പ്രകാശ് എം പി സ്ഥിരീകരിച്ചിരുന്നു. കെസി വേണുഗോപാലിന് മറുപടി പറയാൻ ബാധ്യതയുണ്ട്. കെസി അറിയാതെ ഈ കൂടിക്കാഴ്ച നടക്കുമോ എന്നത് വ്യക്തമാക്കണം. സ്വർണ്ണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. വഴി തിരിച്ചുവിടുന്ന സമീപനമാണ് കോൺഗ്രസിൻ്റേത്. കേരള രാഷ്ട്രീയത്തിന് യോജിക്കാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.




