പന്തലായനിയിൽ വീടുകയറിയുള്ള അക്രമം: കോണ്‍ഗ്രസ്സ് പ്രക്ഷോഭം മൂന്നാം ഘട്ടത്തിലേക്ക്

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും അക്രമിച്ച കേസിലെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിന്റെ സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. പ്രതികള്‍ ഇപ്പോഴും സിപിഎമ്മിൻ്റെ തണലില്‍ സമൂഹത്തില്‍ സ്വൈര്യവിഹാരം നടത്തുകയാണെന്ന് ഇവർ ആരോപിച്ചു. യോഗം ഡിസിസി ജന. സെക്രട്ടറി അശോകന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അദ്ധ്യക്ഷത വഹിച്ചു.
.

.
വെള്ളിലാട്ട് വിഷയത്തില്‍ കോണ്‍ഗ്രസ്സ് നടത്തിയ രണ്ട് സമരങ്ങളും സമാധാനപരമായിരുന്നു. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹമിരുന്നതായിരുന്നു ആദ്യ ഘട്ടം. തുടര്‍ന്ന് രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും നടന്നു.
.

.
രാജേഷ് കീഴരിയൂര്‍, മുരളീധരന് തോറോത്ത്, രജീഷ് വെങ്ങളത്ത്കണ്ടി, ടി. പി. കൃഷ്ണന്, സുരേഷ്ബാബു, ബാലകൃഷ്ണന് മുത്താമ്പി, എം.എം. ശ്രീധരന്, ജയരാജന് വി.കെ, സതീശന് ചിത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
