KOYILANDY DIARY.COM

The Perfect News Portal

എച്ച്എംപിവി; കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

എച്ച്എംപിവിയിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻപ് പല പരിശോധനകളിലും കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചതാണെന്നും ജനിതകമാറ്റം സംഭവിച്ചാൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു. “2001 മുതൽ ഇന്ത്യയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജനിതകമാറ്റം സംഭവിച്ചാൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. അല്ലാത്തപക്ഷം പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ല.”-മന്ത്രി പറഞ്ഞു.

 

ആദ്യമായാണ് രോഗം ഇന്ത്യയിൽ എന്ന റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ല. മുൻപ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിലാണ്. ശ്വാസകോശ രോഗങ്ങൾക്കുള്ള സപ്പോർട്ടീവ് ട്രീറ്റ്മെൻ്റാണ് ഇതിനുള്ളതെന്നും മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യമെന്നും വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാന തല റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് വിലയിരുത്തുന്നുണ്ടെന്നും സൂക്ഷമമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

“വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല. എന്നാൽ ജാഗ്രത ആവശ്യമുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്, അകാരണമായ ആശങ്ക പരത്തരുത്. സർക്കാർ വൃത്തങ്ങൾ ശരിയായ വാർത്ത സമയാസമയം പുറത്ത് വിടുന്നുണ്ട്.” മന്ത്രി കൂട്ടിച്ചേർത്തു.

Advertisements
Share news