വാംഖഡെയിൽ ഇന്ത്യക്ക് ചരിത്ര വിജയം
മുംബൈ: വാംഖഡെയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ആധികാരിക ജയം. വനിതാ ക്രിക്കറ്റ് ടെസ്‌റ്റിൽ ഓസീസിനെ 8 വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്രമെഴുതിയത്. ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതിനു മുമ്പ് 10 തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് വിജയം കുറിക്കാനായിരുന്നില്ല. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

38 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. സ്മൃതിയും 12 റൺസെടുത്ത ജമീമ റോഡ്രിഗസും പുറത്താകാതെ നിന്നു. മൂന്നാംദിവസം 233ന് അഞ്ച് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്സിൽ സ്നേഹ് റാണ ഇന്ത്യയ്ക്കായി നാല് വിക്കറ്റും രാജേശ്വരി ഗെയ്ക്വാദും ഹർമൻപ്രീത് കൗറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. സ്‌നേഹ് റാണ രണ്ടിന്നിങ്‌സുകളിലായി ഏഴ് വിക്കറ്റ് നേടി. ഓസ്‌ട്രേലിയയ്ക്കായി ആഷ്‌ലി ഗാർഡ്‌നർ നാലുവിക്കറ്റും നേടി. അർധ സെഞ്ച്വറി നേടിയ തഹ്‌ലിയ മെഗ്രാത്താണ് ഓസീസ് ടോപ് സ്കോറർ.

