KOYILANDY DIARY.COM

The Perfect News Portal

ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്നു; ഒളിവിൽ പോയ പ്രതി 11 വർഷത്തിനുശേഷം പിടിയിൽ

കോഴഞ്ചേരി: ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 11 വർഷത്തിനുശേഷം പിടിയിൽ. അയിരൂർ തീയാടിക്കൽ കടമാൻ കോളനിയിൽ സിന്ധു (36) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് ടി ആർ രാജീവ് (49) തിങ്കളാഴ്‌ച കോയിപ്രം പൊലീസിന്റെ പിടിയിലായത്. രാജേഷ് കൊട്ടാരക്കര എന്ന പേരിൽ ഇയാൾ പല സ്ഥലങ്ങളിൽ താമസിച്ചുവരികയായിരുന്നു.

2010 നവംബർ ഒന്നിന് പകൽ മൂന്നരയോടെ ഇവരുടെ വീട്ടിൽ വെച്ചാണ് സംഭവം. രാജീവിന്റെ മദ്യപാനം ചോദ്യം ചെയ്‌ത സിന്ധുവിനെ ഇയാൾ മർദിക്കുകയും തുടർന്ന് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ സിന്ധുവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവർ ഇവരെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരിച്ചു. രാജീവ് സംഭവസ്ഥലത്തു നിന്നും ഓടിപ്പോകുന്നതു കണ്ടവരും ചികിത്സിച്ച ഡോക്ടർക്ക് സിന്ധു നൽകിയ മൊഴിയും അടിസ്ഥാനമാക്കി എസ്ഐ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ കേസെടുത്ത പൊലീസ് ഇയാളെ അതിവേഗം പിടികൂടി.

എന്നാൽ കോടതി ജാമ്യം നൽകിയ പ്രതി 2013ൽ വിചാരണയുടെ അവസാന ഘട്ടത്തിലാണ് ഒളിവിൽ പോകുന്നത്. ബംഗളൂരുവിൽ വിവിധ ഹോട്ടലുകളിൽ രാജേഷ് എന്ന പേരിൽ ജോലി ചെയ്തുവന്ന ഇയാളെപ്പറ്റി 2023ൽ വിവരം ലഭിച്ച പൊലീസ് അന്നവിടെ എത്തിയെങ്കിലും പ്രതി കടന്നു കളഞ്ഞു. തുടർന്ന് കണ്ണൂരിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു. അതിനിടെ കൊട്ടാരക്കര സ്വദേശിനിയോടൊപ്പം താമസിക്കാൻ തുടങ്ങി. കൊട്ടാരക്കരയിലെ ഇവരുടെ വീട്ടിലേക്ക് ഇയാൾ എത്തുന്നുണ്ടെന്ന വിവരം മനസ്സിലാക്കിയാണ് പ്രതിക്കായി ഷാഡോ പൊലീസ് വല വിരിച്ചത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര എത്തിയ ശേഷം പയ്യന്നൂരിലേക്ക് കെഎസ്ആർടിസി ബസിൽ മടങ്ങുന്ന വിവരമറിഞ്ഞ തിരുവല്ല ഡിവൈഎസ് പി എസ് അർഷാദ്, കോയിപ്രം എസ്എച്ച്ഒ ജി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച രാവിലെ ആറരയോടെ തിരുവല്ല കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡിൽ എത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Advertisements
Share news