KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ കോളേജ്‌ ബസ് ടെർമിനലിന് ഹൈക്കോടതിയുടെ പച്ചക്കൊടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ്‌ ബസ് ടെർമിനലിന് ഹൈക്കോടതിയുടെ പച്ചക്കൊടി.  മൂന്നുമാസത്തിനകം നിർമ്മാണം ആരംഭിക്കും. എം ഭാസ്കരൻ മേയറായിരുന്ന കൗൺസിലാണ് പദ്ധതി വിഭാവനംചെയ്തത്. പ്രവാസി നിക്ഷേപത്തിലൂടെ പിപിപി വ്യവസ്ഥയിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ 200 കോടി ചെലവിൽ നിർമ്മിക്കുന്ന ബസ് ടെർമിനലിനായി രണ്ടര ഏക്കർ വാങ്ങി 2009ൽ മന്ത്രി പാലോളി മുഹമ്മദ് കുട്ടി തറക്കല്ലിട്ടു. തുടർന്നുവന്ന യുഡിഎഫ് സർക്കാർ പദ്ധതി അട്ടിമറിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ വീരാൻകുട്ടിയും കൺവീനർ പി കെ ബാവയും നൽകിയ പരാതിയിൽ വിജിലൻസിനെ വിട്ട് കോർപറേഷനിൽനിന്ന്‌ ബന്ധപ്പെട്ട എല്ലാ രേഖകളും എടുപ്പിച്ചു. പദ്ധതി നിർത്തിവയ്‌ക്കാനും കരാർ റദ്ദാക്കാനും ഉത്തരവ്‌ ഇറക്കി. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പകുതിയിലേറെ പൂർത്തിയായ കാർ പാർക്കിങ് പ്ലാസയുടെ നിർമ്മാണവും തടഞ്ഞു. 
മൂന്ന് നിലകളുള്ള ടെർമിനലിൻറെ ഏറ്റവും മുകളിലാണ് ബസ് പാർക്കിങ്. ഒരേ സമയം 20 ബസിന്‌ വന്നുപോകാനാവും. ബസ്‌ പാർക്കിങ്‌ ഫീ കോർപറേഷന്‌ ലഭിക്കും. ഏറ്റവും താഴെ 800 കാറും 1000 സ്കൂട്ടറും പാർക്ക് ചെയ്യാം. തിയറ്റർ, മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുമുണ്ടാകും. കോർപറേഷൻറെ ഓഫീസും ഇതിലുണ്ട്. 
മാവൂർ റോഡിലൂടെ ടെർമിനലിലേക്കും പൊലീസ്‌ സ്റ്റേഷനു സമീപത്തുകൂടി കാരന്തൂർ റോഡിലേക്ക് പുറത്തേക്കുമാണ് ബസുകൾ പോവുക. മെഡിക്കൽ കോളേജ്– കാരന്തൂർ റോഡ് 24 മീറ്ററാക്കും. ആശുപത്രിയിലുള്ളവർക്ക് ബസ് ടെർമിനലിലെത്താൻ മെഡിക്കൽ കോളേജിൻറെ പ്രധാന കവാടത്തിൽനിന്ന് 15 മീറ്റർ വീതിയിൽ എസ്കലേറ്റർ സൗകര്യത്തോടെ തുരങ്കപാതയും  പരിഗണനയിലുണ്ട്‌. രണ്ടുവർഷംകൊണ്ട്  പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ബസ് ടെർമിനൽ കിൻഫ്രയാണ് നിർമ്മിക്കുക.

 

Share news