KOYILANDY DIARY.COM

The Perfect News Portal

കാടിറങ്ങുന്ന ഭീഷണികൾ തടയാൻ ഹൈടെക് കവചം; കൗതുകമായി അനിഡേർസ് പ്രദർശനം

വന്യമൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് രക്ഷ കവചമായി വനാതിർത്തിയിൽ സ്ഥാപിക്കാൻ പുതിയ സംവിധാനം. അനിഡേർസ് എന്ന ഉപകരണത്തിന്റെ മാതൃക പ്രദർശിപ്പിച്ചത് കൗതുകമുളവാക്കി. കോഴിക്കോട് കൂടരഞ്ഞിയിലാണ് പ്രദർശനം നടന്നത്. കഴിഞ്ഞ ദിവസം പൂവാറന്തോടിൽ വന്യമൃഗ ശല്യത്തിനെതിരെ സോളാർ ഫെൻസിങ് പ്രവർത്തി ഉദ്‌ഘാടന സമയത്താണ് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് രക്ഷകവചമായി പുതിയ അനിഡേർസ് എന്ന ഉപകരണം പരിചയപ്പെടുത്തിയത്. സോളാർ എനർജിയിലൂടെ ഇൻഫ്രാറെഡ് സിഗ്നൽ സഹായത്തോടെ അനിഡേർസ് രാത്രിയിൽ മാത്രമോ, അല്ലെങ്കിൽ മുഴുവൻ സമയവുമോ പ്രവർത്തിപ്പിക്കാൻ കഴിയും.

വനാതിർത്തിയിൽ ഈ ഉപകരണം സ്ഥാപിക്കുകയാണെങ്കിൽ ശരീര ഊഷ്മാവ് ഉള്ള ഏതൊരു ജീവിയും ഈ ഉപകരണത്തിന്റെ 15 മീറ്റർ ദൂര പരിധിയിൽ മുൻപിലും, ഇരുവശങ്ങളിലും എത്തിപ്പെടുകയാണെങ്കിൽ വലിയ ശബ്ദത്തിൽ അലാറം അടിക്കുകയും, ഇതിൽ ഘടിപ്പിച്ച ലൈറ്റു തെളിയുകയും ചെയ്യും. ഇതോടെ പരിസര പ്രദേശത്തുള്ളവർക്കു മുൻകരുതലുകളെടുക്കാനാകും.

 

ഡൽഹി ആസ്ഥാനമായ ക്യാരി എന്ന സ്ഥാപനം ആറു വർഷത്തെ പഠനത്തിന് ശേഷമാണ് ഇത്തരമൊരു ഉപകരണം പുറത്തിറക്കിയത്‌. അനിഡേഴ്സിന്റെ കേരളത്തിലെ വിതരണക്കാരായ ജെകെ ടെക്നോളജി അധികൃതരായ ജോസ് അരുവിയിൽ, അസംഖൻ എന്നിവരാണ് ഉപകരണം പ്രദർശിപ്പിച്ച്, പ്രവർത്തനം വിവരിച്ചു നൽകിയത്. എംഎൽഎ ലിന്റോ ജോസഫ്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, മറ്റു ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി വകുപ്പുദ്യോഗസ്ഥർ, എന്നിവരടങ്ങുന്ന സദസ്സിനു മുൻപിലാണ് അനിഡേഴ്സിന്റെ പ്രദർശനം നടത്തിയത്.

Advertisements
Share news