KOYILANDY DIARY.COM

The Perfect News Portal

ശക്തമായ മഴ; കോഴിക്കോട് ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. 21 കുടുംബങ്ങളില്‍ നിന്നായി 30 സ്ത്രീകളും 28 പുരുഷന്‍മാരും 17 കുട്ടികളുമുള്‍പ്പെടെ 75 പേരാണ് ഈ ക്യാമ്പുകളിലായി കഴിയുന്നത്.

കോഴിക്കോട് താലൂക്കില്‍ തുറന്ന രണ്ട് ക്യാമ്പുകളിലായി മൂന്ന് കുടുംബങ്ങളിലെ 10 സ്ത്രീകളും ആറ് പുരുഷന്‍മാരും ഒരു കുട്ടിയുമുള്‍പ്പെടെ 17 പേരാണ് കഴിയുന്നത്. വടകര താലൂക്കില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളില്‍ നിന്നായി 20 സ്ത്രീകളും 22 പുരുഷന്‍മാരും 16 കുട്ടികളുമുള്‍പ്പെടെ 58 പേര്‍ കഴിയുന്നുണ്ട്.

 

ശക്തമായ മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ മണിമല, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു ആയതിനാൽ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം.

Advertisements

 

സംസ്ഥാന ജലസേചന വകുപ്പിൻറെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ) നദിയിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലാംമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), വയനാട് ജില്ലയിലെ കബനി (കാക്കവയൽ, മുത്തങ്ങ സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

Share news