സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലേർട്ട്. ഇന്നലെ രാത്രിയിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റും വീശിയിരുന്നു. ഇന്ന് ഇടിമിന്നലിനും കാറ്റിനുമാണ് സാധ്യത. തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. നാളെ മുതൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18 – 05 – 2025 മുതൽ 20 – 05 – 2025 വരെ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കലിൽ സജീവമായിട്ടുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിലെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കാലവർഷം എത്തും മുൻപേ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം.

