സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ച പല പ്രദേശങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പത്തനംതിട്ടയിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടുക്കി – നെടുങ്കണ്ടം കല്ലാർ ഡാം തുറന്നു. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ടെക്നോപാർക്കിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു.

