KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയിൽ നന്തി ടൗണിലെ കടകളിൽ വെള്ളംകയറി. കച്ചവടക്കാർ ദുരിതത്തിൽ

കൊയിലാണ്ടി: കനത്ത മഴയിൽ നന്തി ടൗണിലെ കടകളിൽ വെള്ളംകയറി. കച്ചവടക്കാർ ദുരിതത്തിൽ. ടൗണിലെ 12 ഓളം കച്ചവട സ്ഥാപനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്ത മഴയിൽ വെള്ളത്തിനടിയിലായത്. ഒരു ചെറിയ മഴ പെയ്താൽ ഇത്ര ശോചനീയാവസ്ഥയിലാകുന്ന സ്ഥിതിയാണ് ഇവിടെയെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ പറഞ്ഞു. വെള്ളം കയറിയതോടെ കച്ചവടക്കാർക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്.
സമീപത്തുള്ള പള്ളിയിലും വെള്ളം കയറിയിട്ടുണ്ട്. വാഗാഡ് കമ്പനിയുടെ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന അശാസ്ത്രീയമായ പ്രവൃത്തിയാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാക്കിയതെന്നും നേതാക്കൾ പറഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പവിത്രൻ ആതിര, സിക്രട്ടറി സനീർ വില്യം കണ്ടി എന്നിവർ അധികാരികളോട് ആവശ്യപ്പെട്ടു. ഉടനടി പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
Share news