വിലങ്ങാട് മലയോരത്ത് കനത്ത മഴ തുടരുന്നു; 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

വിലങ്ങാട്: വിലങ്ങാട് മലയോരത്ത് കനത്ത മഴ തുടരുന്നു. മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി രണ്ട് ഓടെയാണ് 56 പേരടങ്ങുന്ന ഒമ്പത് കുടുംബത്തെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചത്. വൈകിട്ട് ഏഴ് കുടുംബത്തെയും മാറ്റി. മഞ്ഞച്ചീളിയിലാണ് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകൾ ഒലിച്ചുപോകുകയും ഒരാൾ മരിക്കുകയും ചെയ്‌തു. ശനിയാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായ പന്നിയേരി ഉന്നതിയിലും ജനങ്ങൾ ഭീതിയിലാണ്. അതിശക്തമായ കാറ്റ് മേഖലയിൽ ഉണ്ടായി.

പാലുമ്മൽ ലീല, മുക്കാട്ട് ലീല, പലൂർ മുപ്രാടൻ രജീഷ് എന്നിവർ ബന്ധുവീടുകളിലേക്കും വാടകവീട്ടിലേക്കും മാറി. കരുകുളത്ത് പ്ലാവും മാവും വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. നിരവധിയിടങ്ങളിൽ വൈദ്യുതി ലൈനിലേക്ക് മരങ്ങൾ കടപുഴകി വൈദ്യുതി തടസ്സം നേരിട്ടു. വാണിമേൽ കുറ്റിക്കടവത്ത് കുമാരന്റെ വീട്ടിലെ കിണർ മണ്ണിടിഞ്ഞ് താഴ്ന്നു. ഇ കെ വിജയൻ എംഎൽഎ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി.

