KOYILANDY DIARY.COM

The Perfect News Portal

പുതിയതായി നിപാ സ്ഥിരീകരിച്ച വ്യക്തി ആദ്യം രോ​ഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കമുള്ള ആളായിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

കോഴിക്കോട്: പുതിയതായി നിപാ സ്ഥിരീകരിച്ച വ്യക്തി ആദ്യം രോ​ഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കമുള്ള ആളായിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സർവ്വകക്ഷി യോ​ഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഇന്നു രാവിലെയാണ് നിരീക്ഷണത്തിലിരുന്ന ചെറുവണ്ണൂർ സ്വദേശിയായ 39കാരന് നിപാ സ്ഥിരീകരിച്ചത്. ഈ വ്യക്തിയും ആദ്യം രോ​ഗം ബാധിച്ച് മരിച്ച വ്യക്തിയും 11ാം തിയതി മരിച്ച വ്യക്തിയും ഒരേ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നതെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.

ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചവരെല്ലാം ആദ്യവ്യക്തിയുമായി സമ്പർക്കം ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആദ്യവ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ പുതുതായി രോ​ഗം സ്ഥിരീകരിച്ച വ്യക്തി ഐസൊലേഷനിലാണ്. ചികിത്സയിലിരിക്കുന്നവരിൽ ആരോ​ഗ്യപ്രവർത്തകന് രോ​ഗലക്ഷണങ്ങൾ നിലവിലില്ല. കുട്ടിയെ വെൻറിലേറ്ററിൽ നിന്ന് മാറ്റിയിട്ടില്ല, എങ്കിലും നില ​ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സമ്പർക്കപ്പട്ടിക തയാറാക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാ​ഗമായി രോ​ഗബാധിതരുടെ മൊബൈൽ ലൊക്കേഷൻ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരിശോധനകൾ നടത്തുവാനായി രാജീവ് ​ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ മൊബൈൽ ലാബ് ഇവിടെയുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൻറെ മൈക്രോബയോളജി ലാബിലും പരിശോധന നടത്തും. തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ വൈറോളജിയിലേക്കും സാമ്പിളുകൾ അയയ്ക്കുന്നുണ്ട്. റിസൽട്ടുകളുടെ സ്ഥിരീകരണത്തിനായി പൂനെയിലേക്ക് സാമ്പിളുകൾ അയക്കേണ്ടി വരില്ലെന്നും എൻഐവിയുടെ മൊബൈൽ ലാബ് കോഴിക്കോട് എത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

പരിശോധന സംവിധാനം കുടുതൽ ഊർജിതമാക്കുന്നതിൻറെ ഭാ​ഗമായി പരിശോധനകൾ വ്യാപകമായി നടത്തും. നിലവിൽ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണ്. ആദ്യവ്യക്തിയുമായി സമ്പർക്കത്തിൽ വന്ന രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവരെയും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധനയിൽ നെ​ഗറ്റീവാണെങ്കിലും ഐസൊലേഷൻ തുടരേണ്ടിവരുമെന്നും വീണ്ടും പരിശോധനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. വിദ​ഗ്ധ സമിതിയോ​ഗം ഉച്ചയ്ക്ക് ശേഷം നടക്കുമെന്നും ഭയമല്ല, കൂട്ടായ ജാ​ഗ്രതയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു. 

 

Share news