KOYILANDY DIARY.COM

The Perfect News Portal

ഉണക്ക മുന്തിരി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ഉണക്ക മുന്തിരി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ടുകൾ നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ചർമ്മ സംരക്ഷണത്തിനും തുടങ്ങി ബിപി ലെവൽ കുറയ്ക്കാൻ വരെ ഡ്രൈ ഫ്രൂട്ടുകൾ സഹായിക്കും. അത്തരത്തിൽ ആരോഗ്യ ജീവിതത്തിൽ നമ്മെ ആശങ്കപെടുത്തുന്ന പല അവസ്ഥകൾക്കും പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഒരു ഡ്രൈ ഫ്രൂട്ട് ഇനമാണ് ഉണക്ക മുന്തിരി.

 

ഉണക്ക മുന്തിരിയിൽ എന്താ ഇത്ര ഗുണം എന്ന് ചോദിച്ചാൽ എന്ത് ഗുണമാണ് അതിൽ ഇല്ലാത്തത് എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. കാരണം അത്രെയേറെ ഗുണമുണ്ട് ഉണക്ക മുന്തിരിക്ക്. അതേതൊക്കെയെന്ന് നോക്കാം. ഉണക്ക മുന്തിരിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കും. ഇത് ചർമ്മത്തെ ഏറെ സംരക്ഷിക്കുകയും ചർമ്മത്തിലുള്ള കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റുകയും ചെയ്യും. ചർമ സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവയും ഉണക്ക മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

 

ഉണക്ക മുന്തിരി പതിവായി കഴിക്കുന്നത് ബിപി, കൊളസ്‌ട്രോൾ ലെവലുകൾ കുറയ്ക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കും. അയൺ, വൈറ്റമിൻ ബി, വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയ ഉണക്ക മുന്തിരി കഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ശരീരത്തിൽ രക്തക്കുറവ് – കുട്ടികളിലും പ്രായമായവരിലും അടക്കം വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണിത്. രക്തക്കുറവ് ക്ഷീണം, ബലഹീനത, അലസത എന്നിവയ്ക്ക് കാരണമാകും. ഉണക്ക മുന്തിരി കഴിച്ചാൽ ഈ പ്രശ്നവും പരിഹരിക്കാം.

Advertisements

 

ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തി നേറെ ഗുണം ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കാൻ ഇതേറെ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തെയും സംരക്ഷിക്കും. പോളിഫിനോളിക്, ഫൈറ്റോ ന്യൂട്രിയൻസ് എന്നിവയും വെള്ളത്തിൽ കുതിർത്ത ഉണക്ക മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ദന്താരോഗ്യ സംരക്ഷണത്തിലും ഉണക്കമുന്തിരി ഒട്ടും പുറകിലല്ല. നാച്ചുറൽ ഷുഗറുകൾ ഇതിലേറെ അടങ്ങിയിട്ടുണ്ട്. ഇവ ഉമിനീരിന്റെ അളവ് കൂട്ടുകയും ഇതുവഴി വായ്ക്കുള്ളിൽ ബാക്റ്റീരിയ വളരുന്നത് വലിയ രീതിയിൽ തടയുകയും ചെയ്യും.

Share news