KOYILANDY DIARY.COM

The Perfect News Portal

താൻ കാണാൻവന്ന ‘ദല്ലാളി’നെ ഇറക്കിവിട്ടയാൾ; അതാണ് സതീശനും വിജയനും തമ്മിലുള്ള വ്യത്യാസം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷം ദല്ലാളെന്ന് പറയുന്ന ആള്‍ തൻറെ അടുക്കലേയ്ക്ക് വന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞ വ്യക്തിയാണ് താനെന്നും സതീശനും വിജയനും തമ്മിലുള്ള വ്യത്യാസം അതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൗസില്‍ ഇരുന്ന് പ്രാതല്‍ കഴിക്കുമ്പോഴാണ് അയാള്‍ വരുന്നത്. ആ സമയത്താണ് ഇറങ്ങിപ്പോകാന്‍ പറയുന്നത്. അത് സതീശന്‍ പറയുമോ എന്നറിയില്ല. പക്ഷെ പറയാന്‍ വിജയന്‍ മടിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

 ദല്ലാള്‍ കഥ  പ്രതിപക്ഷത്തിൻറെ ആവശ്യത്തിന് വേണ്ടി കെട്ടിപ്പടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍തട്ടിപ്പ് കേസ് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിൻറെയും അഴിമതിയുടേയും അരാജകത്വത്തിൻറേയും സ്വാധീനം എത്ര വലുതായിരുന്നു എന്ന് തുറന്ന്  കാട്ടിയ ഒന്നായിരുന്നു. വികസനത്തിന് വേണ്ടി ഉപയോഗിക്കാമായിരുന്ന പാരമ്പര്യേതര  ഉര്‍ജ പദ്ധതിയേയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കിയത്. ഇത് യുഡിഎഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയതാണ്. എന്തായിരുന്നു കമ്മീഷൻറെ കണ്ടെത്തല്‍. കമീഷൻറെ കണ്ടെത്തലിനെ തുടര്‍ന്നുള്ള നടപടികളാണ് സര്‍ക്കാര്‍ എടുത്തത്.

 സിബിഐ കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച്  സിജെഎം കോടതിയില്‍ 26.12.22 ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് മാധ്യമങ്ങളില്‍ കണ്ടത്. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് കാണാനായില്ല. ഈ റിപ്പോര്‍ട്ടില്‍ നിരീക്ഷണമുണ്ട് എന്നാണ് പരാമര്‍ശം. അത് എന്താണെന്ന് ഊഹിച്ചെടുത്ത് അതില്‍ ചര്‍ച്ച വേണം എന്ന ആവശ്യവുമായാണ് പ്രതിപക്ഷം വന്നത്.

Advertisements

 

ഒന്നും മറയ്ക്കാനില്ലാത്തതിനാലാണ് ചട്ടപ്രകാരം നിലനില്‍പ്പുണ്ടോ ഇല്ലയ്യോ എന്ന് നോക്കാതെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി നയമസഭയില്‍ വ്യക്തമാക്കി. 
അന്നും ഇന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണത്തെ സ്വാധീനിച്ചിട്ടില്ല. ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരപ്രമേയത്തിൻറെ മറുപടിയില്‍ വ്യക്തമാക്കി. 

Share news